തൊടുപുഴ: തൊടുപുഴ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന്‍െറ ഉദ്ഘാടനം വൈകുന്നത് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതം വിതക്കുന്നു. സുരക്ഷയില്ലാതെ വാഹനങ്ങള്‍ പൊതുവഴിയില്‍ നിര്‍ത്തിയിടുന്നത് മൂലം ഡീസല്‍ മോഷണവും വാഹനങ്ങളുടെ പാര്‍ട്സ് അടക്കമുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നതും പതിവാകുകയാണ്. വ്യാഴാഴ്ച രാത്രി സ്റ്റാന്‍ഡിനരികില്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസ് ഒരാള്‍ ഓടിച്ച് കൊണ്ടുപോയതാണ് ഒടുവിലത്തെ സംഭവം. രാത്രി കാലങ്ങളില്‍ ബസ് തൊടുപുഴ-കാഞ്ഞിരമറ്റം ബൈപാസിന്‍െറ ഇരു വശങ്ങളിലും നിര്‍ത്തിയിടുകയാണ് പതിവ്. ഇവിടങ്ങളില്‍നിന്നാണ് പതിവായി ഡീസല്‍ മോഷ്ടിക്കുന്നത്. ആകെ ഒരു സെക്യൂരിറ്റി മാത്രമാണ് സ്റ്റാന്‍ഡിലുള്ളത്. കഴിഞ്ഞ ജനുവരിയില്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്‍െറ ഉദ്ഘാടനം നടക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഉദ്ഘാടനം ഉണ്ടായില്ല. ലോറി സ്റ്റാന്‍ഡില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ്. തൊടുപുഴ-മൂലമറ്റം റൂട്ടില്‍ മൂപ്പില്‍കടവ് പാലത്തിന് സമീപം ബസ് സ്റ്റാന്‍ഡ്, ഷോപ്പിങ് കോംപ്ളക്സ്, ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് എന്നിവ ഉള്‍പ്പെടുന്ന ടെര്‍മിനലിന്‍െറ നിര്‍മാണം 2013 ജനുവരി പത്തിനാണ് ആരംഭിച്ചത്. രണ്ടര വര്‍ഷമായിരുന്നു നിര്‍മാണ കാലാവധി. പന്ത്രണ്ടര കോടി കണക്കാക്കിയ നിര്‍മാണച്ചെലവ് പിന്നീട് 16 കോടിയാക്കി ഉയര്‍ത്തി. ഇടക്ക് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നിര്‍മാണം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുടങ്ങിയെങ്കിലും തൊടുപുഴ എം.എല്‍.എയും മന്ത്രിയുമായിരുന്ന പി.ജെ. ജോസഫ് ഇടപെട്ടാണ് വീണ്ടും നിര്‍മാണം ആരംഭിച്ചത്. താല്‍ക്കാലിക സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ പോലും സൗകര്യമില്ലാത്ത സ്ഥിതിയാണ്. മഴ പെയ്താല്‍ സ്റ്റാന്‍ഡ് കുളമായി മാറും. വെള്ളക്കെട്ടിലൂടെയുള്ള ബസുകളുടെ പോക്കുവരവ് കൂടിയാകുമ്പോള്‍ കാത്തുനില്‍പ് ദുരിതമായി മാറുന്നു. ഇതുവഴി ബസുകള്‍ പോകുമ്പോള്‍ യാത്രക്കാര്‍ ഓടിമാറേണ്ട സ്ഥിതിയാണ്. സ്ത്രീകളും കുട്ടികളുമടക്കം ദിനേന ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന ബസ് സ്റ്റാന്‍ഡിന്‍െറ ശോച്യാവസ്ഥ സംബന്ധിച്ച് പരാതിയും വ്യാപകമാണ്. കുഴികള്‍ ഉടന്‍ നികത്തിയില്ളെങ്കില്‍ മഴക്കാലമാകുന്നതോടെ സ്റ്റാന്‍ഡിലേക്ക് കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥിതിയിലാകുമെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കുഴിയില്‍ ചാടുന്നതുമൂലം ബസുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ ഏറെയാണെന്ന് ജീവനക്കാരും പരാതിപ്പെടുന്നു. ഇതിനിടെ കെ.സ്.ആര്‍.ടി.സി സ്റ്റാന്‍ഡ് സാമൂഹികവിരുദ്ധരും താവളമാക്കുകയാണ്. അടിയന്തരമായി കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് തുറന്നുനല്‍കണമെന്നാണ് യാത്രക്കാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.