വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം; മുട്ടത്ത് നാലു ദിവസമായി കുടിവെള്ളമില്ല

മുട്ടം: മുട്ടം പഞ്ചായത്തില്‍ കുടിവെള്ളമില്ലാതായിട്ട് നാലു ദിവസം. പമ്പ് ഹൗസിന് സമീപത്തെ ചോര്‍ച്ച പരിഹരിക്കുന്നതിന്‍െറ ഭാഗമായി അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ജലവിതരണം നിലച്ചത്. എന്നാല്‍, പൈപ്പ് ലൈനിലെ ചോര്‍ച്ച പരിഹരിക്കാന്‍ എത്തിയവരെ പൊലീസ് മടക്കി അയച്ചു. റോഡ് കുഴിക്കുന്നതിന് അനുമതി ഇല്ലാത്തതിനാല്‍ പണി നടത്താനാവില്ളെന്ന് പറഞ്ഞാണ് മടക്കി അയച്ചതെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍ പറയുന്നു. വകുപ്പുകള്‍ തമ്മിലുള്ള ആശയക്കുഴപ്പം മൂലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായിട്ടില്ല. നിലവില്‍ പഞ്ചായത്തിലെ മാത്തപ്പാറ കോളനി, മുഞ്ഞനാട്ട് കോളനി, അമ്പാട്ട് കോളനി, മുട്ടം ടൗണ്‍ എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം ആറു ദിവസമായി പൂര്‍ണമായും നിലച്ചിരിക്കുകയാണ്. മുട്ടം പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നിര്‍ദേശപ്രകാരം വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണിക്ക് ആളുകളെ നിയോഗിച്ചതെന്ന് വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് റോഡുകള്‍ പൊളിക്കുന്നതിന് നിരോധം ഉണ്ടായിരുന്നെന്നും ഇപ്പോള്‍ ഉള്ളതായി അറിയില്ളെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ സൂചിപ്പിച്ചു. അനുമതി വാങ്ങിയ ശേഷം തകരാര്‍ പരിഹരിക്കാനാണ് വാട്ടര്‍ അതോറിറ്റിയുടെ തീരുമാനം. എന്നാല്‍, ഗതാഗത തിരക്കേറിയ റോഡ് കുഴിക്കുന്നതിന് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മുമ്പ് നിരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉത്തരവ് പിന്‍വലിച്ച് ബന്ധപ്പെട്ട അധികൃതരുടെ രേഖാമൂലമുള്ള അനുമതി ഇല്ലാത്തതിനാല്‍ പണി തല്‍ക്കാലം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് പൊലീസ് പറഞ്ഞു. അനുമതി ലഭ്യമാക്കി ജലവിതരണം പുന$സ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് സൂചനയുണ്ട്. ബുധനാഴ്ച പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പഞ്ചായത്തിലെ ജലവിതരണ പൈപ്പുകള്‍ പല സ്ഥലങ്ങളിലും പൊട്ടിയതായും ഓടയിലെ മാലിന്യം പൊട്ടിയ പൈപ്പുകളിലൂടെ കുടിവെള്ളത്തില്‍ കലരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് വാട്ടര്‍ അതോറിറ്റി എക്സി. എന്‍ജിനീയറെ വിളിച്ച് പരാതി അറിയിച്ചത്. ഇടക്കിടെയുള്ള തകരാറുകള്‍ ഒഴിവാക്കി പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളിലെ തകരാര്‍ ഒരുമിച്ച് പരിഹരിക്കാനായിരുന്നു തീരുമാനം. എന്നാല്‍, റോഡ് പൊളിച്ചുള്ള നിര്‍മാണം പൊലീസ് തടഞ്ഞതോടെ എല്ലാതരത്തിലുമുള്ള അനുമതി കിട്ടിയ ശേഷം മാത്രമേ പണി നടത്തൂയെന്ന വാശിയിലാണ് കരാറുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.