ഉത്സവപ്പകിട്ടില്‍ വരവേല്‍പ്

തൊടുപുഴ: കണ്ണീരും പുഞ്ചിരിയും വിതറി കുരുന്നുകള്‍ തിങ്കളാഴ്ച വിദ്യാലയ മുറ്റത്തേക്ക് പിച്ചവെച്ചു. രക്ഷിതാക്കളുടെ അകമ്പടിയോടെ മധുരം നുണഞ്ഞും കരഞ്ഞു കലങ്ങിയ കണ്ണീരോടെയുമായിരുന്നു പല കന്നിക്കാരുടെയും വരവ്. മാതാപിതാക്കളുടെ കൈപിടിച്ച് നവാഗതരില്‍ ചിലരൊക്കെ പ്രവേശനോത്സവ പകിട്ടില്‍ ഉത്സാഹഭരിതരായി. സ്്കൂള്‍ മുറ്റത്തേക്ക് ഓരോരുത്തരും ആദ്യമായി കടന്നുവന്നത് ഓരോ ഭാവത്തിലായിരുന്നു. അലങ്കാരവും ആള്‍ക്കൂട്ടവും കണ്ട് ചിലര്‍ ആദ്യം ഉറക്കെ കരഞ്ഞു. പിന്നെ അച്ഛന്‍െറയും അമ്മയുടെയും പിന്നിലേക്ക് ഒളിച്ചുനിന്നു. ഇവരെ മുന്നോട്ടുനീക്കി നിര്‍ത്തിയപ്പോള്‍ കരച്ചിലായി. ആ കരച്ചില്‍ പിന്നെ പതുക്കെ ചിരിയിലേക്ക് മാറി. സ്കൂളില്‍നിന്നുള്ള മധുരപലഹാരങ്ങളും ബലൂണുകളും തൊപ്പിയും കിരീടവും മറ്റ് സമ്മാനങ്ങളും ഏറ്റുവാങ്ങി പുതിയ കൂട്ടുകാരോട് കളിയും ചിരിയും ആരംഭിച്ചു. ആദ്യ ദിനമാണെങ്കിലും പലരും പുത്തനുടുപ്പും ബാഗും സഹപാഠികളെ കാണിക്കാനും തിരക്കുകൂട്ടുന്ന കാഴ്ചയും കാണാമായിരുന്നു. ആദ്യ ദിനമായതിനാല്‍ ഉച്ചവരെയേ ക്ളാസുണ്ടായിരുന്നുള്ളൂ. മഴ മാറിനിന്നതിനാല്‍ പുത്തനുടുപ്പും കുടയും നനയാതെ സ്കൂള്‍ പ്രവേശനോത്സവും ആഹ്ളാദഭരിതമായി. തൊടുപുഴ ഡയറ്റ് ലാബ് യു.പി സ്കൂളിലെ പ്രവേശനോത്സവം മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എ. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ഷാജി മുഞ്ഞാട്ട്, ഡയറ്റ് ലെക്ചറര്‍ സതീഷ് കുമാര്‍, സി.എസ്. ഷാലിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. അടിമാലി: നവാഗതരെ സ്വീകരിക്കാന്‍ അടിമാലി മേഖലയിലെ സ്കൂളുകള്‍ മത്സരത്തോടെയാണ് അണിഞ്ഞൊരുങ്ങിയത്. സ്കൂളുകള്‍ അലങ്കരിച്ചും ഘോഷയാത്ര നടത്തിയും വ്യത്യസ്തമായാണ് പ്രവേശനോത്സവം ഗംഭീരമാക്കിയത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും മൃഗങ്ങളും പക്ഷികളും പൂക്കളും നിറഞ്ഞ ക്ളാസ് മുറികളാണ് നവാഗതരെ വരവേറ്റത്. തൊപ്പിയും ബലൂണും കളിപ്പാട്ടങ്ങളും മിഠായികളുമൊക്കെ നല്‍കിയാണ് സ്കൂളുകള്‍ പുത്തന്‍ കുട്ടികളെ സ്വീകരിച്ചത്. അധ്യാപകര്‍ക്കൊപ്പം മുതിര്‍ന്ന കുട്ടികളാണ് മധുരം നല്‍കിയും പാട്ടുപാടിയും അക്ഷരകിരീടം അണിയിച്ചും നവാഗതരെ സ്വീകരിച്ചത്. അധ്യാപകര്‍ക്കും പി.ടി.എ ഭാരവാഹികള്‍ക്കുമൊപ്പം ജനപ്രതിനിധികളും പ്രവേശനോത്സവ ചടങ്ങുകള്‍ വിജയിപ്പിക്കാന്‍ സജീവമായുണ്ടായിരുന്നു. ജൂണ്‍ അഞ്ചുവരെ പരിസ്ഥിതി വാരമായി ആചരിക്കുന്നതിന്‍െറ ഭാഗമായി വിപുലമായ പരിപാടികള്‍ ഒരുക്കിയവരുമുണ്ട്. ജില്ലയിലെ എല്ലാ ഗവണ്‍മെന്‍റ്, എയ്ഡഡ് സ്കൂളുകളിലും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന ഗ്രീന്‍ ക്ളബുകള്‍ ഫലവൃക്ഷങ്ങളുടെ പരിപാലനം നിര്‍വഹിക്കും. അടിമാലി ഗവ. ഹൈസ്കൂളില്‍ പി.ടി.എ പ്രസിഡന്‍റ് പി.എച്ച്. നാസര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കോളനിപ്പാലം നൂറാം നമ്പര്‍ അങ്കണവാടിയില്‍ വര്‍ണാഭമായി പ്രവേശനോത്സവം നടത്തി. ഷൈല ടീച്ചര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുമാരമംഗലം: പഞ്ചായത്തുതല പ്രവേശനോത്സവം ആഘോഷിച്ചു. പഞ്ചായത്ത് ഗവ. എല്‍.പി സ്കൂളില്‍ നടന്ന സമ്മേളനം പ്രസിഡന്‍റ് നിസാര്‍ പഴേരി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജി. സിന്ധുകുമാര്‍ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഒ.പി. സിജു വിദ്യാദീപം തെളിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ചിന്നമ്മ സോജന്‍ പഠനോപകരണ വിതരണം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ഷമീന നാസര്‍, റിട്ട. ഹെഡ്മാസ്റ്റര്‍ തങ്കമണി, സി.സി. മാത്തന്‍ എന്നിവര്‍ സംസാരിച്ചു. കട്ടപ്പന: ബ്ളോക്കുതല സ്കൂള്‍ പ്രവേശനോത്സവം കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോണി കുളംപള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ടിജി എം. രാജു അധ്യക്ഷത വഹിച്ചു.പ്രവേശനോത്സവ റാലി കട്ടപ്പന സി.ഐ ബി. ഹരികുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സാലി ജോളി, എ.ഇ.ഒ ഷാജി ഭാസ്കര്‍, ജോയി വെട്ടിക്കുഴി, മനോജ് എം. തോമസ്, പി.ആര്‍. രമേശ്, മനോജ് മുരളി, ഗിരീഷ് മാലിയില്‍, ബി.പി.ഒ കെ.എസ്. ചാന്ദിനി, എം.കെ. ഓമന, പി.ജെ. സത്യപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള സൗജന്യ പഠനോപകരണ വിതരണവും നടന്നു. വണ്ടിപ്പെരിയാര്‍: പീരുമേട് സബ് ജില്ലാ പ്രവേശനോത്സവം പെരിയാര്‍ ഗവ. എല്‍.പി സ്കൂളില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി ഹരിദാസ് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ മോഹന്‍ദാസ്, ബി.പി.ഒ രാജന്‍, പ്രധാനാധ്യാപകന്‍ ബാബുരാജ്, കടല്‍ കനി, ശശികുമാര്‍, ടി.സി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് പെരിയാര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ വിദ്യാര്‍ഥികളുടെ റാലിയും നടന്നു. പഠനോപകരണങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. ഇരട്ടയാര്‍: നാലുമുക്ക് ഗവ. സ്കൂളില്‍ പ്രവേശനോത്സവം ആഘോഷിച്ചു. പുതുതായി കടന്നുവന്ന കുട്ടികള്‍ക്ക് പി.ടി.എയുടെ വകയായി ഉപഹാരങ്ങള്‍ നല്‍കി. മുന്‍ വാര്‍ഡ് അംഗം എസ്.കെ. സിബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ജോസ് പാത്തിക്കല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.ഐ. സൂസമ്മ, വി.സി. രാധാകൃഷ്ണന്‍ ചെട്ടിയാര്‍, മുരുകന്‍ വി. അയത്തില്‍, എ.എഫ്. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നാര്‍: മൂന്നാര്‍ ഗവ. പ്രൈമറി സ്കൂളില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം. തങ്കരാജ് സംബന്ധിച്ചു. മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് സ്കൂളില്‍ ബ്ളോക് പഞ്ചായത്ത് അംഗം സി. നെല്‍സണ്‍ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.