ജനവാസ മേഖലയില്‍ കാട്ടാന; എക്കര്‍ കണക്കിന് കൃഷി നശിപ്പിച്ചു

രാജാക്കാട്: എസ്റ്റേറ്റ് പൂപ്പാറയിലെ ജനവാസ മേഖലയില്‍ എത്തിയ കാട്ടാന ജനങ്ങളെ ഭീതിയാലാഴ്ത്തി എക്കര്‍ കണക്കിന് കൃഷികള്‍ നശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെയാണ് പ്രദേശത്ത് ഭീതിപരത്തി സംസ്ഥാന പാതയോട് ചേര്‍ന്ന് കിടക്കുന്ന എസ്റ്റേറ്റ് പൂപ്പാറയില്‍ ഒറ്റയാന്‍ എത്തിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ താണ്ഡവമാടിയ ആന താമരപ്പിള്ളില്‍ ലിജു വര്‍ഗീസ്, ചെറുകരക്കുടിയില്‍ രവി എന്നിവരുടെ ഏക്കര്‍ കണക്കിന് കൃഷി നശിപ്പിച്ചു. ഏലം, കുരുമുളക്, വാഴ എന്നിവ പൂര്‍ണമായും നശിച്ചു. വലിയ പ്ളാവുകള്‍ ചുവടെ പിഴുതിട്ടു. തൊഴുത്തിന്‍െറ ഒരു ഭാഗം ഇടിച്ചുനിരത്തി. സമീപത്തെ കിണറ്റില്‍ സ്ഥാപിച്ച മോട്ടോറും വൈദ്യുതി കണക്ഷനും നശിപ്പിച്ചു. ഏറെ നേരത്തെ നാട്ടുകാരുടെ പരശ്രമത്തിനൊടുവിലാണ് ഒറ്റയാന്‍ കാടുകയറിയത്. സംസ്ഥാന പാതയോട് ചേര്‍ന്നു കിടക്കുന്ന ഇവിടെ ഇത്തരത്തില്‍ കാട്ടാന അക്രമണം പതിവാകുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിയുന്നില്ല. എന്നാല്‍, ഇത്തവണ വേനല്‍ ശക്തമായിരുന്നതിനാല്‍ കാടുകളില്‍ ആവശ്യത്തിന് തീറ്റയും വെള്ളവും ലഭിക്കാത്തതാണ് കാട്ടാന അടക്കമുള്ള വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാന്‍ കാരണമെന്ന് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.