കട്ടപ്പനയില്‍ രണ്ടുദിവസത്തിനിടെ ആറ് വാഹനാപകടം; രണ്ടുമരണം

കട്ടപ്പന: രണ്ടുദിവസത്തിനിടെ കട്ടപ്പനയില്‍ ആറ് വാഹനാപകടങ്ങള്‍. രണ്ട് മരണം. നിരവധിപേര്‍ക്ക് പരിക്ക്. അശ്രദ്ധയും റോഡിലേക്ക് കാടുവളര്‍ന്ന് കാഴ്ച മറച്ചതുമാണ് മിക്ക അപകടങ്ങളുടെയും കാരണം. കട്ടപ്പന-കുട്ടിക്കാനം, കട്ടപ്പന-ഇടുക്കി, കട്ടപ്പന-കുമളി എന്നീ സംസ്ഥാന പാതകളിലാണ് രണ്ടുദിവസത്തിനിടെ ഏഴ് വാഹനാപകടങ്ങള്‍ ഉണ്ടായത്. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലെ നരിയംപാറയില്‍ സ്വകാര്യ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് വസ്ത്ര വ്യാപാരി മരിച്ചതാണ് ഒടുവിലെ സംഭവം. കട്ടപ്പന പേഴുങ്കവല തേനൂര്‍ ടി.കെ. വിജയന്‍ (പുടവ വിജയന്‍ -56) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ന് വെള്ളയാംകുടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് പ്ളസ് വണിന് അപേക്ഷ നല്‍കി മടങ്ങിയ വിദ്യാര്‍ഥി മരിച്ചിരുന്നു. മറ്റൊരു വിദ്യാര്‍ഥി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അതേദിവസം തന്നെ തൊവരയാര്‍ ആഞ്ഞിലി പാലത്തിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞെങ്കിലും യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. അമിതവേഗത്തെ തുടര്‍ന്ന് കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കട്ടപ്പനയില്‍നിന്ന് ക്രെയിന്‍ എത്തിച്ചാണ് വാഹനം തോട്ടില്‍നിന്ന് കയറ്റിയത്. ഈ സംഭവത്തിന് മുമ്പ് കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലെ കാഞ്ചിയാര്‍ പാലക്കടയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന് പിന്നാലെ കട്ടപ്പന ടൗണിന് സമീപം ബൈക് നിയന്ത്രണംവിട്ടെങ്കിലും യാത്രക്കാര്‍ രക്ഷപ്പെട്ടു. കട്ടപ്പന-കുമളി സംസ്ഥാന പാതയിലെ പുറ്റടി ചേമ്പുംകണ്ടത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് തിങ്കളാഴ്ച മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. ബൈക് യാത്രക്കാരായിരുന്ന മണി, മകള്‍ സന്ധ്യ, മകന്‍ സഞ്ജയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കട്ടപ്പന സെന്‍റ് മര്‍ത്താസ് കോണ്‍വെന്‍റിന് സമീപം വഴിയരുകില്‍ ഒരു ബൈക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയിരുന്നു. അപകടമുണ്ടായതിനെ തുടര്‍ന്ന് യാത്രക്കാരന്‍ ബൈക് ഉപേക്ഷിച്ച് പോയതാണെന്ന് സംശയിക്കുന്നു. കട്ടപ്പന പൊലീസില്‍ ബൈക് കണ്ടത്തെിയ വിവരം പരിസരവാസികള്‍ അറിയിച്ചിരുന്നു.വാഹനാപകടങ്ങളില്‍ മരണത്തിനിടയാക്കിയ രണ്ട് അപകടങ്ങളിലും ബസും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ചായിരുന്നു മരണം. രണ്ട് അപകടങ്ങള്‍ക്കും ഇടയാക്കിയത് കട്ടപ്പനയിലെ സ്വകാര്യ ബസ് കമ്പനിയുടെ രണ്ടുബസുകളാണ്. ഒരു അപകടത്തില്‍ കൗമാരക്കാരനും മറ്റൊരു അപകടത്തില്‍ വ്യാപാരിയുമാണ് മരിച്ചത്. റോഡിലേക്ക് വളര്‍ന്നുകിടക്കുന്ന കാട് വെട്ടിമാറ്റാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കാത്തതാണ് അപകടം തുടര്‍ക്കഥയാക്കുന്നത്. അടിയന്തരമായി കാട് വെട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.