ഇന്ന് ക്ഷീര ദിനം: ക്ഷീര സംഘങ്ങള്‍ തടിച്ചുകൊഴുത്തിട്ടും കര്‍ഷകര്‍ക്ക് കണ്ണീര്‍ മാത്രം

ചെറുതോണി: ഇന്ന് ലോക ക്ഷീര ദിനം. ജില്ലയില്‍ ഒരുലക്ഷത്തിലധികം കുടുംബങ്ങളുടെ പ്രധാന ജീവിതമാര്‍ഗം കാലിവളര്‍ത്തലും അനുബന്ധ ജോലികളുമാണ്. കര്‍ഷകരില്‍നിന്ന് പാല്‍ സംഭരിക്കുന്നതിന് ജില്ലയില്‍ വിവിധ സ്ഥാപനങ്ങള്‍ മത്സരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മില്‍മയാണ് പ്രധാനം. തകരുന്ന കാര്‍ഷിക മേഖല വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ കര്‍ഷകരുടെ രക്ഷക്കത്തെിയത് ക്ഷീരോല്‍പാദക മേഖലയാണ്. കാര്‍ഷിക-നാണ്യ വിളകളുടെ വരുമാനം കുറഞ്ഞപ്പോഴാണ് ഭൂരിപക്ഷം കര്‍ഷകരും ജീവിക്കാന്‍വേണ്ടി ക്ഷീരോല്‍പാദന മേഖല തെരഞ്ഞെടുത്തത്. എന്നാല്‍, കാലികളോട് മല്ലിട്ട് ജീവിതം തള്ളിനീക്കുന്ന ക്ഷീര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. പാലിന്‍െറ വിലക്കുറവ്, കാലിത്തീറ്റയുടെ വിലക്കൂടുതല്‍, പുല്ലിന്‍െറ ക്ഷാമം എന്നിവ പ്രശ്നങ്ങളാണ്. വായ്പയെടുത്താണ് ഭൂരിപക്ഷം കര്‍ഷകരും കാലികളെ വാങ്ങിയിരിക്കുന്നത്. ഇപ്പോള്‍ ഒരുലിറ്റര്‍ പാലില്‍ കിട്ടുന്നത് 33.10 രൂപയാണ്. വേനല്‍ക്കാല ഇന്‍സെന്‍റീവും കൂടി ചേര്‍ത്താണിത്. വര്‍ഷകാലമാകുന്നതോടെ ഇന്‍സെന്‍റീവ് നിര്‍ത്തലാക്കും. ജൂണ്‍ മുതല്‍ പാലിന്‍െറ വില 30.60 രൂപയായി കുറയും. 15 ലിറ്റര്‍ പാലുള്ള ഒരു പശുവിനെ വാങ്ങണമെങ്കില്‍ 60,000 രൂപ ചുരുങ്ങിയത് നല്‍കണം. ഓരോ മാസത്തെയും തിരിച്ചടവ് കഴിഞ്ഞാല്‍ കര്‍ഷകന് കിട്ടുന്നത് തുച്ഛമായ പ്രതിഫലമാണ്. ജില്ലയില്‍ യൂനിയന്‍ ബാങ്കും ജില്ലാ സഹകരണ ബാങ്കും ഒരു പശുവിന് 50,000 രൂപ വീതം വായ്പ നല്‍കുന്നുണ്ട്. ഉല്‍പാദനച്ചെവും ജീവിതച്ചെലവും കൂട്ടുമ്പോള്‍ നഷ്ടക്കണക്ക് മാത്രമാണ് മിച്ചമുള്ളത്. ക്ഷീരോല്‍പാദനം പ്രധാന ജീവിതമാര്‍ഗമാക്കിയവരുടെ എണ്ണം കൂടിയിട്ടും ഈ മേഖലയില്‍ കാര്യമായ വികസനമുണ്ടായില്ളെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മില്‍മയുടെ പ്രവര്‍ത്തനം 1984ല്‍തന്നെ ജില്ലയില്‍ ആരംഭിച്ചു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന പാലിന്‍െറ ഭൂരിഭാഗവും വാങ്ങുന്നത് ഇപ്പോള്‍ മില്‍മയാണ്. 200ലധികം ക്ഷീര സംഘങ്ങള്‍ ഇപ്പോള്‍ ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍ ഉള്‍പ്പെടുന്ന എറണാകുളം മേഖലാ യൂനിയന്‍െറ കീഴിലാണ് ഇടുക്കി ജില്ലയിലെ പാല്‍ സംഭരണ കേന്ദ്രങ്ങള്‍. മില്‍മയെക്കൂടാതെ മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റി, കോതമംഗലം ഡയറി സൊസൈറ്റി, ജീവാ മില്‍ക്ക് തുടങ്ങിയവരും പാല്‍ സംഭരിക്കുന്നു. മില്‍മ പ്രതിമാസം 25 ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ സംഭരിച്ച് വിതരണം ചെയ്യുന്നുണ്ട്. ഇവിടെനിന്ന് സംഭരിക്കുന്ന പാല്‍ നിര്‍മലാസിറ്റി, അടിമാലി, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ശീതീകരണ ശാലയില്‍ സംഭരിച്ച് എറണാകുളം ഡയറിയിലേക്ക് കൊണ്ടുപോകുന്നു. സംഭരണശേഷി കൂടുതലുള്ളത് കട്ടപ്പനക്കടുത്ത് നിര്‍മലാസിറ്റിയിലെ കേന്ദ്രത്തിലാണ്. ഇവിടെ പ്രതിദിനം 60,000 ലിറ്റര്‍ സംഭരിക്കാന്‍ കഴിയും. അടിമാലിയില്‍ 12,000 ലിറ്ററും മൂന്നാറില്‍ 10,000 ലിറ്ററുമാണ് സംഭരിക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് എത്തുന്ന പാല്‍ ഹൈറേഞ്ച് മേഖലയില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ പാലിന്‍െറ ഗുണത്തിലും വിലയിലും വ്യത്യാസവുമുണ്ട്. ജില്ലയിലെ പാല്‍ ഉല്‍പാദന മേഖലയിലെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെടുന്നതുകൊണ്ടാണ് ഇതരസംസ്ഥാനത്തുനിന്ന് വരുന്ന പാല്‍ വിപണി പിടിച്ചടക്കുന്നതെന്നും പറയപ്പെടുന്നു. സംസ്ഥാന ഫെഡറേഷന്‍, മേഖലാ യൂനിയന്‍, ഗ്രാമീണ പ്രാഥമിക പാല്‍ സംഘങ്ങള്‍ എന്ന ത്രിതല സംവിധാനം സഹകരണ നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉല്‍പാദകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഇവര്‍ തയാറാകുന്നില്ളെന്നാണ് ക്ഷീര കര്‍ഷകരുടെ പരാതി. പാലുല്‍പാദനം ആദായകരമല്ലാത്ത തൊഴിലായി മാറിക്കൊണ്ടിരിക്കുകയാണെന്നതിന്‍െറ സൂചനയാണ് കര്‍ഷകര്‍ പിന്നോട്ടുമാറുന്നതില്‍നിന്ന് മനസ്സിലാകുന്നത്. അതേസമയം, പാലിന്‍െറ ആളോഹരി ഉപയോഗം വര്‍ധിച്ചുവരികയാണ്. ഉല്‍പാദകര്‍ക്ക് ന്യായവിലയും സ്ഥിരവും സുരക്ഷിതവുമായ വിപണി ഉറപ്പുവരുത്തുകയും ചെയ്താല്‍ ക്ഷീര മേഖലയില്‍ വന്‍ കുതിച്ചുകയറ്റമുണ്ടാകുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.