പൊലീസ് മേധാവിയുടെ അദാലത്തില്‍ പരാതി പ്രവാഹം

ചെറുതോണി: ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജ് ആദിവാസി മേഖലയായ മണിയാറംകുടിയില്‍ നടത്തിയ അദാലത്തില്‍ എത്തിയത് നൂറുകണക്കിന് പരാതികള്‍. മദ്യം, കഞ്ചാവ്, കുടുംബകലഹം, റോഡ്, കുടിവെള്ളം തുടങ്ങിവയുമായി ബന്ധപ്പെട്ടായിരുന്നു ഏറെയും പരാതികള്‍. വനംവകുപ്പ് എന്‍.ഒ.സി നല്‍കാത്തതിനാല്‍ ഗ്രാമത്തിന്‍െറ വികസനത്തിന് അനിവാര്യമായ വട്ടമേട്-വാസുപ്പാറ റോഡുനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ളെന്നും പ്രശ്നത്തില്‍ പൊലീസ് മേധാവി ഇടപെടണമെന്നും വട്ടമേട് ആദിവാസി കുടിയില്‍ നിന്നത്തെിയ ഊരുമൂപ്പന്‍ രവി വെള്ളാപ്പന്‍െറ ആവശ്യം. റോഡിന് നബാര്‍ഡ് 1.08 കോടി അനുവദിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിച്ച ശേഷം ഇരുകൂട്ടരെയും അതത് പൊലീസ് സ്റ്റേഷനുകളില്‍ വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കുമെന്ന് എസ്.പി പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മണിയാറംകുടി കമ്യൂണിറ്റി ഹാളിലാണ് അദാലത് നടന്നത്. ജില്ലയില്‍ നടത്തുന്ന രണ്ടാമത്തെ അദാലത്താണ് മണിയാറംകുടിയില്‍ നടന്നത്. കഴിഞ്ഞയാഴ്ച മാങ്കുളത്തായിരുന്നു ആദ്യ അദാലത് നടത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കി പരമാവധി കേസുകള്‍ പരിഹരിക്കുകയാണ് ഉദ്ദേശമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. ഇതുസംബന്ധിച്ച പരാതികള്‍ നേരിട്ട് കേള്‍ക്കുന്നതിനാണ് ആദിവാസി കോളനികളില്‍ അദാലത് നടത്തുന്നത്. ശിപാര്‍ശയില്ലാതെ ഏത് പരാതിയും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നല്‍കാം. മൂന്നുദിവസത്തിനകം തീരുമാനമുണ്ടായില്ളെങ്കില്‍ വിവരമറിയിക്കണം. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ വില്‍പന അറിഞ്ഞാലുടന്‍ അറിയിക്കണം. പൊലീസുകാര്‍ക്ക് കൈക്കൂലി കൊടുക്കരുത്. കൊടുത്താല്‍ അവരും കുറ്റക്കാരാണ്. ഇനിമുതല്‍ സ്കൂളുകളില്‍ നടക്കുന്ന പി.ടി.എ കമ്മിറ്റികളില്‍ സബ് ഇന്‍സ്പെക്ടര്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ടൗണുകളിലും പഞ്ചായത്തുകളിലും ഇനിമുതല്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. എല്ലാദിവസവും രാവിലെ പെട്ടികളില്‍നിന്ന് കിട്ടുന്ന പരാതിയില്‍ തീര്‍പ്പുകല്‍പിക്കും. ജില്ലയില്‍ വാഴത്തോപ്പ് പഞ്ചായത്തില്‍ ആദ്യ പരാതിപ്പെട്ടി സ്ഥാപിക്കും. വാഴത്തോപ്പ് പഞ്ചായത്ത് ജാഗ്രതാസമിതി സംഘടിപ്പിച്ച അദാലത് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സി തോമസ് അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പിമാരായ വി.എന്‍. സജി, എ.എന്‍. പ്രസാദ്, സി.ഐ സിബിച്ചന്‍ ജോസഫ്, വൈസ് പ്രസിഡന്‍റ് ടോമി കൊച്ചുകുടി, ബ്ളോക് പഞ്ചായത്ത് മെംബര്‍ വി.എ. ജോര്‍ജ്, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ കെ.എം. ജലാലുദ്ദീന്‍, റീത്താമ്മ സൈമണ്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.