നെടുങ്കണ്ടം: രാമക്കല്‍മേട് ടൂറിസ്റ്റ് കേന്ദ്രത്തിന്‍െറ വികസനത്തില്‍ പ്രതീക്ഷയുടെ കാറ്റുവീശുന്നു. സംസ്ഥാനത്തെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളോടൊപ്പം രാമക്കല്‍മേട്ടിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ആവശ്യമായ തുക അനുവദിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനമാണ് പ്രതീക്ഷയേകുന്നത്. മൂന്നാറിനും തേക്കടിക്കും ഇടയില്‍ തമിഴ്നാട് അതിര്‍ത്തിയിലുള്ള ഇവിടേക്ക് തദ്ദേശീയരും വിദേശീയരുമായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളില്ല. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ഏതാനും ശുചിമുറികള്‍, റസ്റ്റാറന്‍റ് എന്നീ അടിസ്ഥാന സൗകര്യം ഒരുക്കി കേന്ദ്രത്തിന്‍െറ ചുമതല ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനെ ഏല്‍പിച്ചു. മതിയായ ശുചീകരണ സംവിധാനം ഇല്ലാത്തതിനാല്‍ പ്രദേശത്ത് മാലിന്യം കുന്നുകൂടുകയാണ്. ശുചിമുറികള്‍ ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് നിറവേറ്റാന്‍ കുറ്റിക്കാടുകളെയാണ് ആശ്രയിക്കുന്നത്. ശുദ്ധജലക്ഷാമം രൂക്ഷമായതിനാല്‍ കുപ്പിവെള്ളം ഏക ആശ്രയം. രാമക്കല്‍മേടിന്‍െറ പ്രകൃതിഭംഗിയും മലകളെ തഴുകി എത്തുന്ന കാറ്റ്, കുരുവിക്കാനത്തും പുഷ്പക്കണ്ടത്തും തമിഴ്നാട്ടിലുമായി കാണുന്ന കാറ്റാടിപ്പാടങ്ങള്‍, തമിഴ്നാട്ടിലെ കാര്‍ഷിക വൈവിധ്യങ്ങള്‍, നിരവധി പട്ടണങ്ങളുടെ ദൂരക്കാഴ്ച എന്നിവയെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. കുട്ടികളുടെ പാര്‍ക്ക്, ഉദ്യാനം, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, ഭക്ഷണശാല, തദ്ദേശീയരായ കൃഷിക്കാര്‍ ഉല്‍പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയെല്ലാം വിറ്റഴിക്കാന്‍ വില്‍പന കേന്ദ്രങ്ങള്‍ നിര്‍മിക്കണം. ഇത് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കും. മൊട്ടക്കുന്നിന്‍െറ സൗന്ദര്യം ചോര്‍ന്നു പോകാതെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തണം. ടൂറിസം പദ്ധതിയുടെ ഭാഗമായി പാര്‍ക്ക് നിര്‍മിക്കാന്‍ പദ്ധതിയുണ്ടെങ്കിലും ആവശ്യമായ സ്ഥലം ഇല്ലാത്തത് പതിസന്ധി സൃഷ്ടിക്കുന്നു. എട്ട് ഏക്കര്‍ സ്ഥലം ഉണ്ടെങ്കിലും കുറെ ഭാഗം സ്വകാര്യ വ്യക്തികള്‍ കൈയേറി. 60 ലക്ഷം രൂപയുടെ പദ്ധതിയാണ് മുന്‍സര്‍ക്കാറിന് മുന്നില്‍ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.