തൊടുപുഴ: മൂന്നംഗ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച ശേഷം പണവുമായി രക്ഷപ്പെട്ടു. വണ്ണപ്പുറത്തെ സാരഥി ഫ്യുവല്‍സിലെ ജീവനക്കാരനായ ഞാറക്കാട് തെന്നത്തൂര്‍ സ്വദേശി അശോകനാണ് (62) അക്രമി സംഘത്തിന്‍െറ മര്‍ദനമേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിന്‍െറ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചു വരികയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിനാണ് സംഭവം. കെ.സി. സുരേഷ്കുമാറിന്‍െറ ഉടമസ്ഥതയിലുള്ള പമ്പിലായിരുന്നു സംഭവം. ഈസമയം അശോകന്‍ മാത്രമാണ് പമ്പില്‍ ഉണ്ടായിരുന്നത്. ബൈക്കിലത്തെിയ രണ്ടു പേര്‍ പമ്പിന് സമീപം ഇറങ്ങുകയും ഒരാള്‍ പെട്രോള്‍ നിറക്കാനത്തെി. 50 രൂപക്ക് പെട്രോള്‍ നിറച്ചശേഷം 10 രൂപയുടെ അഞ്ചു നോട്ടുകള്‍ നല്‍കി. ഇതിനു ശേഷം ജീവനക്കാരനോട് കയര്‍ത്തു സംസാരിച്ചു. മറ്റു രണ്ടുപേര്‍ കൂടി എത്തി മൂന്നു പേരും ചേര്‍ന്ന് അശോകനെ മര്‍ദിച്ചു. നിലത്തുവീണ അശോകന്‍െറ പോക്കറ്റില്‍നിന്ന് പണവും കൈക്കലാക്കി രക്ഷപ്പെട്ടു. 9,800 രൂപ നഷ്ടമായതായും ഇവര്‍ മദ്യപിച്ചിരുന്നതായും അശോകന്‍ പറഞ്ഞു. അശോകന്‍ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തില്‍ കാളിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു പണം കവര്‍ന്ന സംഭവത്തില്‍ അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നടപടി വൈകിയാല്‍ ജില്ലയിലെ എല്ലാ പമ്പുകളും അടച്ചിട്ടു പ്രതിഷേധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. തൊടുപുഴയില്‍ കൂടിയ യോഗത്തില്‍ അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍. ശബരീനാഥ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം.എം. ബഷീര്‍, എ. രാഗിഷ്, മുഹമ്മദ് നിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.