ഡോക്ടര്‍മാരുടെ കുറവ്: ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

തൊടുപുഴ: പകര്‍ച്ച വ്യാധികളും മുമ്പെങ്ങുമില്ലാത്ത തരത്തില്‍ മലേറിയ പോലുള്ള രോഗങ്ങളും ജില്ലയില്‍ വ്യാപകമാകുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തത് ആരോഗ്യരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇടുക്കിക്കാര്‍ക്ക് നല്ല ചികിത്സ ലഭിക്കണമെങ്കില്‍ കോട്ടയം, എറണാകുളം തുടങ്ങിയ സമീപജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍. ജില്ലയില്‍ 26 അസി. സര്‍ജന്മാരുടെ ഒഴിവുകളാണുള്ളത്. കൂടാതെ, 29 ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്‍റ്, ആറ് മെഡിക്കല്‍ കണ്‍സള്‍ട്ടന്‍റ്, രണ്ട് സീനിയര്‍ കണ്‍സള്‍ട്ടന്‍റ്, അഞ്ച് അസി. ഡയറക്ടര്‍ ഉള്‍പ്പെടെ 80ഓളം ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഒപ്പം ഉന്നത പഠനത്തിനായി 16 ഡോക്ടര്‍മാര്‍ അവധിയെടുത്തും പോയിട്ടുണ്ട്. ഇടുക്കി മെഡിക്കല്‍ കോളജ് പേരില്‍ മാത്രമാണ്. ഇരുപതോളം ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പലപ്പോഴും പകുതിയില്‍ താഴെ മാത്രമേ ഉള്ളൂ. ജില്ലാ ആശുപത്രിയില്‍ റെസിഡന്‍റ് മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ കണ്‍സള്‍ട്ടന്‍റ്, പീഡിയാട്രീഷന്‍, ഓഫ്താന്‍മോളജി, റോഡിയോളജി തുടങ്ങി 16 ഡോക്ടര്‍മാരുടെ കുറവും ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ തൊടുപുഴയില്‍ ഒമ്പത് ഡോക്ടര്‍മാരുടെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ 11 ഡോക്ടര്‍മാരുടെയും അടിമാലിയില്‍ -ഒമ്പത്, പീരുമേട് -ആറ്, കട്ടപ്പന-ആറ് എന്നിങ്ങനെയും ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. തൊടുപുഴയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ കണ്‍സള്‍ട്ടന്‍റ്, സര്‍ജറി വിഭാഗം, അനസ്തേഷ്യ, ഇ.എന്‍.ടി, ഓര്‍ത്തോ എന്നീ തസ്തികകളിലും നിയമനമായിട്ടില്ല. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫിസര്‍, സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക് തുടങ്ങിയ വിഭാഗങ്ങളിലും പീരുമേട്ടില്‍ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍, ഗൈനക്കോളജിസ്റ്റ്, ഓര്‍ത്തോ എന്നീ ഡോക്ടര്‍മാരുടെയും ഒഴിവുണ്ട്. ഗൈനക്കോളജിസ്റ്റുകള്‍ രണ്ടുപേരും സ്ഥലം മാറി പോയി. പകരം ആളുകള്‍ എത്തിയിട്ടുമില്ല. അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ട് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. രണ്ട് അസി. സര്‍ജന്മാര്‍, ഡെന്‍റല്‍ ഒന്ന്, സര്‍ജറി ഒന്ന്, ഗൈനക്കോളജി -ഒന്ന്, പീഡിയാട്രീഷന്‍ എന്നിവരുടെയും ഒഴിവുണ്ട്. കട്ടപ്പനയില്‍ ആറ് ഡോക്ടര്‍മാരുടെ ഒഴിവാണുള്ളത്. ഡോക്ടര്‍മാരെ കൂടാതെ മൂന്ന് ഡെപ്യൂട്ടി ഡി.എം.ഒമാരുടെയും ഒഴിവുകള്‍ നികത്തിയിട്ടില്ല. ഡോക്ടര്‍മാരുടെ കുറവുമൂലം പല സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രമാണ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടി ക്രമീകരിച്ചു നല്‍കിയാണ് പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും കാര്യമായ പരാതികള്‍ ഇല്ലാതെ മുന്നോട്ടു പോകുന്നത്. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പനിയും മറ്റ് പകര്‍ച്ചവ്യാധികളും ജില്ലയുടെ പലഭാഗത്തും വ്യാപകമാകുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലത്തെുന്നവര്‍ക്ക് യഥാസമയം ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. കൂടാതെ, പുറപ്പുഴ, ആലക്കോട്, അയ്യപ്പന്‍കോവില്‍, ഏലപ്പാറ, ദേവികുളം തുടങ്ങിയ പി.എച്ച്.എസികളിലും ഡോക്ടര്‍മാരുടെ അഭാവം വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മലയോര ജനത ഏറെ പ്രതീക്ഷയോടെ കണ്ട മെഡിക്കല്‍ കോളജും രോഗികളെ റഫര്‍ ചെയ്യുന്ന ഇടമായി മാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.