ജില്ലാ ആസ്ഥാനത്തെ ഭൂമി കൈയേറ്റം: അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചംകണ്ടില്ല

ചെറുതോണി: ജില്ലാ ആസ്ഥാനത്തെ ഭൂമി കൈയേറ്റത്തെക്കുറിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് വെളിച്ചംകണ്ടില്ല. കൈയേറ്റത്തിനുപിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സമുദായങ്ങളുടെയും നേതാക്കളും വ്യവസായികളും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതത്തേുടര്‍ന്ന് ഉന്നത ഇടപെടല്‍ മൂലമാണ് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികളുണ്ടാകാതിരുന്നതെന്ന് ആക്ഷേപമുണ്ട്. ജില്ലാ ആസ്ഥാനത്ത് ഭൂമി കൈയേറ്റം തുടര്‍ക്കഥയാകുകയാണ്. ഓരോവര്‍ഷവും ജില്ലാ പഞ്ചായത്തിന്‍െറയും ചെറുതോണി ടൗണ്‍ ഉള്‍പ്പെടുന്ന വാഴത്തോപ്പ് പഞ്ചായത്തിന്‍െറയും കൈവശമുള്ള ഭൂമിയുടെ അളവ് കുറയുകയാണ്. ഇതുവരെ 345 കൈയേറ്റം നടന്നതായാണ് ലോകായുക്തക്ക് പഞ്ചായത്ത് നല്‍കിയ റിപ്പോര്‍ട്ട്. 80 കൈയേറ്റങ്ങള്‍ ഒഴികെ ബാക്കിയുള്ളത് താമസക്കാരുടേതാണ്. ജില്ലാ ആസ്ഥാനത്തെ ഭൂമി കൈയേറ്റം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്‍റലിജന്‍സ് അഡീഷനല്‍ ഡയറക്ടര്‍ രാജന്‍ മധേക്കറെയാണ് ചുമതലപ്പെടുത്തിയത്. താമസക്കാരെ തല്‍ക്കാലം ഒഴിവാക്കേണ്ടെന്നും ബാക്കിയുള്ളവര്‍ക്കെതിരെ നടപടിയെടുക്കാനും ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ചെയ്ത് 2004 ഏപ്രില്‍ ഒന്നിന് അന്നത്തെ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. എന്നാല്‍, റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ മാറിമാറി ഭരിച്ച സര്‍ക്കാറുകള്‍ തയാറായില്ല. 1980 മുതല്‍ ഭൂമി കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതില്‍ 60ലധികം കൈയേറ്റങ്ങള്‍ ഇടുക്കി അണക്കെട്ടിന് സമീപവും 40ഓളം കൈയേറ്റം പൈനാവിലുമാണ്. 1972ലാണ് ജില്ലാ വികസന അതോറിറ്റി നിലവില്‍വന്നത്. വൈദ്യുതി ബോര്‍ഡിന്‍െറ ആവശ്യത്തിനായി പൂര്‍ണമായി തടി വെട്ടിമാറ്റിയ പ്രദേശമാണെങ്കിലും സാങ്കേതികമായി വനഭൂമിയായിരുന്നു ജില്ലാ ആസ്ഥാനം. ഈ തടസ്സം നീക്കി വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി 336.37 ഹെക്ടര്‍ സ്ഥലം വികസന അതോറിറ്റിക്ക് വിട്ടുകൊടുത്തു. പിന്നീട് അതോറിറ്റി നിര്‍ത്തലാക്കിയതോടെ ഭൂമി ജില്ലാ പഞ്ചായത്തിന് നല്‍കി. ഇതിനുശേഷം ജില്ലാ പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി വിട്ടുനല്‍കാന്‍ തുടങ്ങി. പൂര്‍ണമായും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജില്ലാ ആസ്ഥാനത്ത് വന്നിട്ടില്ല. ഇതിനിടെ, ഇടുക്കിയെ ആസൂത്രിത നഗരമാക്കാന്‍ സ്വകാര്യ പങ്കാളിത്തം ക്ഷണിച്ചതിനത്തെുടര്‍ന്ന് 12,000ഓളം അപേക്ഷ ലഭിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് യു.എസ്.എ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുമായി 4000 കോടിയുടെ നിര്‍ദേശങ്ങളാണ് ലഭിച്ചത്. ഇവയില്‍ തെരഞ്ഞെടുത്ത 800 കോടിയുടെ പദ്ധതികള്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. 2001 ഫെബ്രുവരിയില്‍ തദ്ദേശ സ്വയംഭരണ മന്ത്രി വിളിച്ചുകൂട്ടിയ ചര്‍ച്ചയില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചു. ഇതില്‍ ഫീസടച്ച 23 അപേക്ഷകര്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പാലിക്കാത്തതിനാല്‍ പിന്‍മാറി. ഇതുമൂലം 100 കോടിയുടെ പദ്ധതിയാണ് ഒറ്റയടിക്ക് പാഴായത്. ഇതിനായി രൂപവത്കരിച്ച ഉന്നതതല സെക്രട്ടറിമാരുടെ യോഗം ഒരുതവണ പോലും കൂടിയില്ല. ഭൂമി ജില്ലാ പഞ്ചായത്തിന്‍െറ ഉടമസ്ഥതയില്‍ വന്നതോടെ രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥരുടെ മൗനാനുവാദവും മറയാക്കി കൈയേറുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.