അഞ്ചിരി പാടശേഖരം വെള്ളത്തില്‍

തൊടുപുഴ: താലൂക്കിലെ ഏറ്റവും വലിയ പാടശേഖരമായ അഞ്ചിരി പാടശേഖരം വെള്ളത്തില്‍ മുങ്ങിയതോടെ കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. എണ്‍പതേക്കര്‍ വരുന്ന പാടശേഖരത്തിലെ 40 ഏക്കറോളമാണ് രണ്ടാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ വെള്ളത്തിലായത്. വിതക്കാന്‍ ഒരുക്കിയ നിലവും വിത്തും നശിച്ചതോടെ വായ്പയെടുത്തും പാട്ടത്തിനെടുത്തും കൃഷി ചെയ്ത കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണുണ്ടായത്. പാടശേഖരത്തിന്‍െറ പകുതിയോളം ഭാഗം ഉയര്‍ന്ന പ്രദേശമായതിനാല്‍ മഴ ഈ ഭാഗത്തെ കൃഷിയെ ബാധിച്ചിട്ടില്ല. ബാക്കി 40 ഏക്കറില്‍ 25 ഏക്കറിലെ കൃഷി ഏറക്കുറെ പൂര്‍ണമായും നശിച്ചു. 15 ഏക്കറില്‍ വിതക്കാനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായിരുന്നു. നിലമൊരുക്കല്‍ വരെയുള്ള ജോലികള്‍ തീര്‍ത്ത് വിത്തും ഒരുക്കിയിരുന്നു. ഇവയെല്ലാം മഴയില്‍ നശിച്ചു. വെള്ളമിറങ്ങാത്തതിനാല്‍ പാടശേഖരത്തില്‍ ഇപ്പോള്‍ ഒരു ജോലിയും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം ആറു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. സ്വന്തമായും പാട്ടത്തിനെടുത്തും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് ഇവിടെ കൃഷി ചെയ്യുന്നത്. എല്ലാവര്‍ഷവും രണ്ടുകൃഷി നടത്തിക്കൊണ്ടിരുന്ന പാടശേഖരത്തില്‍ ആദ്യമായാണ് ഇത്രയും കൃഷിനാശം സംഭവിക്കുന്നത്. മാര്‍ട്ടിന്‍ പാറയില്‍, വിന്‍സന്‍റ് വേങ്ങയില്‍, പി.പി. ജോസഫ് ചെറുതോട്ടില്‍, സണ്ണി തോമസ് ചെറുപുറം, ടോമി തോമസ് കാവാലം, എ.ആര്‍. ശശി ഞാറക്കാട്ടില്‍, എ.ആര്‍. മാധവന്‍ ഞാറക്കാട്ടില്‍, സിജു വട്ടക്കുന്നേല്‍ എന്നിവര്‍ക്കാണ് കാര്യമായ നാശനഷ്ടം സംഭവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.