വൈദ്യുതിയുടെ ഒളിച്ചുകളി; ജനം ദുരിതത്തില്‍

നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയില്‍ വൈദ്യുതി വിതരണം അവതാളത്തിലായതോടെ ജനം ദുരിതത്തില്‍. വൈദ്യുതി വരുന്നതും പോകുന്നതും മിന്നല്‍ വേഗത്തിലാണ്. ഹൈറേഞ്ചില്‍ വൈദ്യുതി എത്തിത്തുടങ്ങിയ കാലത്തുപോലും ജനങ്ങള്‍ ഇത്രയേറെ ദുരിതം അനുഭവിച്ചിട്ടില്ളെന്ന് പഴമക്കാര്‍ പറയുന്നത്. അഞ്ചു മിനിറ്റിനിടയില്‍ പതിനഞ്ചുതവണ വരെ വൈദ്യുതി പ്രകാശിക്കുകയും അണയുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ഈ പ്രവണത കഴിഞ്ഞ ഒരു മാസമായി തുടരുകയാണ്. വിരുന്നുകാരനെപ്പോലെ വൈദ്യുതി എത്തിയാലും തീരെ വോള്‍ട്ടേജില്ല. വൈദ്യുതി മിന്നിമറയാന്‍ കാരണം എവിടെയോ ലൂസായ കണക്ഷന്‍ കണ്ടുപിടിക്കാനായിട്ടില്ളെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനുപുറമെ ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും പൂര്‍ണമായി വൈദ്യുതി മുടങ്ങാറുമുണ്ട്. മുന്നറിയിപ്പില്ലാതെയാണ് മുടക്കം. ഓഫിസില്‍ വിളിച്ചാല്‍ 66 കെ.വി ലൈനില്‍ തകരാറാണെന്ന മറുപടിയാണ് ലഭിക്കുക. ജൂണ്‍ തുടങ്ങിയ ശേഷം ഇന്നേവരെ ഒരുദിവസം പോലും നേരെചൊവ്വേ വൈദ്യുതി ലഭിച്ചിട്ടില്ളെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞവര്‍ഷം ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ വൈദ്യുതി വിതരണം പകല്‍സമയങ്ങളില്‍ മുടക്കിയിരുന്നു. ഡബ്ള്‍ സര്‍ക്യൂട്ട് ലൈനുകളില്‍ പണിനടക്കുന്നതിന്‍െറ പേരിലാണ് അന്ന് മുന്നറിയിപ്പോടെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയത്. 66 കെ.വി ലൈനിലെ അറ്റകുറ്റപ്പണി തീരുന്നതോടെ കട്ടപ്പന, നെടുങ്കണ്ടം, വാഴത്തോപ്പ് സബ് സ്റ്റേഷനുകളിലെ വൈദ്യുതി തകരാറിന് പരിഹാരമാകുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ അന്നത്തെ അവകാശവാദം. എന്നാല്‍, വഞ്ചി ഇപ്പോഴും തിരുനക്കരയില്‍ തന്നെയെന്നാണ് അവസ്ഥ. കഴിഞ്ഞമാസം ടച്ച് വെട്ടുന്നതിന്‍െറ പേരിലായിരുന്നു മുടക്കം. അടിക്കടി ആവര്‍ത്തിക്കുന്ന വൈദ്യുതി തടസ്സം ഹൈറേഞ്ചിലെ വ്യാപാരമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടലിന്‍െറ വക്കിലാണ്. വ്യവസായ മേഖല ഏറെക്കുറെ സ്തംഭിച്ചു. ചെറുകിട കച്ചവടക്കാര്‍ പലരും കടക്കെണിയിലാണ്. ബാങ്കില്‍നിന്ന് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ എടുത്ത് വ്യാപാരം നടത്തുന്നവര്‍ യഥാസമയം വായ്പ തിരിച്ചടക്കാനാവാതെ തവണകള്‍ മുടങ്ങി ബാങ്കുകാരുടെ ജപ്തി ഭീഷണിയിലാണ്. വൈദ്യുതി ഒളിച്ചുകളിക്കുന്നതുമൂലം ഫോട്ടോസ്റ്റാറ്റ് സ്ഥാപനങ്ങള്‍, സ്റ്റുഡിയോകള്‍, ഡി.ടി.പി സെന്‍ററുകള്‍, വര്‍ക്ഷോപ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, ഫ്ളോര്‍ മില്ലുകള്‍, തുടങ്ങിയ സ്ഥാപനങ്ങള്‍ തുറക്കാനാവാതെ ഉടമകള്‍ വലയുകയാണ്. ആശുപത്രികള്‍, ലബോറട്ടറികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മാസങ്ങളായി ജനറേറ്റര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സ്ഥാപനങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുന്നു. വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ ബോര്‍ഡിന് കഴിയുന്നില്ല. പ്രശ്നപരിഹാരത്തിന് ജനപ്രതിനിധികളും തയാറാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.