വിദ്യാര്‍ഥികള്‍ക്ക് സമഗ്ര പരിശീലനം; ‘ഐസ്’ ആഗസ്റ്റ് മുതല്‍

തൊടുപുഴ: ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് വിവിധ തലങ്ങളില്‍ സമഗ്ര പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിദ്യാഭ്യാസ പരിശീലന പരിപാടിക്ക് അന്തിമരൂപമായി. ‘ഐസ്’ (എന്‍വിഷന്‍ഡ് യൂത്ത് ഫോര്‍ എന്‍വിസേജ്ഡ് സൊസൈറ്റി) എന്ന പേരിലുള്ള പദ്ധതിക്ക് ആഗസ്റ്റില്‍ തുടക്കമാകും. ആദ്യഘട്ടത്തില്‍ ഇടുക്കി പാര്‍ലമെന്‍റ് നിയോജക മണ്ഡലത്തിലെ 70 സ്കൂളുകളിലെ 4200 കുട്ടികള്‍ക്കാണ് പരിശീലനം. ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലെ സ്കൂളുകളെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി അഡ്വ. ജോയ്സ് ജോര്‍ജ് എം.പിയുടെ നേതൃത്വത്തിലാണ് സമഗ്ര വിദ്യാഭ്യാസ പരിശീലന പരിപാടിയായ ‘ഐസ്’ നടപ്പാക്കുന്നത്. ജില്ലയുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ വിപ്ളവകരമായ മുന്നേറ്റം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിക്ക് രാജ്യത്തിനകത്തെയും പുറത്തെയും വിദ്യാഭ്യാസ പ്രവര്‍ത്തകരും സാമൂഹിക ശാസ്ത്രജ്ഞരും മന$ശാസ്ത്രജ്ഞരും നടത്തിയ പഠനങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിലാണ് രൂപംനല്‍കിയത്. വിദ്യാര്‍ഥികളുടെ വൈജ്ഞാനിക തലം വിപുലമാക്കുന്നതിനൊപ്പം വ്യക്തിത്വ വികസനം, ആശയവിനിമയ വൈദഗ്ധ്യം, നേതൃഗുണങ്ങള്‍, ഭാഷാശുദ്ധി, സാമൂഹിക ഇടപെടലുകളിലെ പങ്കാളിത്തം തുടങ്ങിയവയും പരിശീലന പരിപാടിയുടെ ഭാഗമാണ്. എസ്.ബി ഗ്ളോബല്‍ ആണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, സി.ബി.എസ്.ഇ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായിരിക്കും പരിശീലനം. എല്ലാ മാസവും 12 മണിക്കൂര്‍ പരിശീലനത്തിനായി ചെലവഴിക്കും. ഒരു വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ പരിശീലനവും ട്രാക്കിങ് ഫോളോ അപ് പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ആണ് പദ്ധതിയുടെ സ്പോണ്‍സര്‍. യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് തുടങ്ങിയവയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. പദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ. എ. കൗശിഗന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശോശാമ്മ വര്‍ഗീസ്, വിവിധ വിദ്യാഭ്യാസ ഏജന്‍സികളുടെ സെക്രട്ടറിമാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.