വനിതാ കമീഷന്‍ അദാലത്തില്‍ പരാതി പ്രളയം

തൊടുപുഴ: തൊടുപുഴയില്‍ നടന്ന വനിതാ കമീഷന്‍ അദാലത്തില്‍ പരാതി പ്രളയം. മുന്‍കാലങ്ങളെ അപേക്ഷിച്ച് കമീഷന്‍ സിറ്റിങ്ങില്‍ പരാതികളുടെ എണ്ണം വര്‍ധിച്ചതായി കമീഷന്‍ അംഗം ഡോ. ജെ. പ്രമീളദേവി പറഞ്ഞു. നേരത്തേ ആറുമാസത്തില്‍ നടത്തുന്ന സിറ്റിങ്ങില്‍ ലഭിച്ച പരാതികള്‍ ഒരുമാസംകൊണ്ട് ലഭിക്കുന്നുണ്ട്. ആളുകള്‍ ക്ഷമിക്കാനും സഹിക്കാനും തയാറാകാത്തതിന്‍െറ തെളിവാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ശനിയാഴ്ച മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 86 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 48 കേസുകള്‍ രമ്യമായി പരിഹരിച്ചു. 20 കേസുകള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടിനായി അയച്ചു. ഏഴ് കേസുകള്‍ ആര്‍.ഡി.ഒ തലത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചു. 11 കേസുകള്‍ തീര്‍പ്പാകാത്ത സാഹചര്യത്തില്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. വനിതാ കമീഷനില്‍ പരാതിപ്പെട്ടാല്‍ നീതി ലഭിക്കുമെന്ന വിശ്വാസമാണ് പരാതികളുടെ എണ്ണം കൂടാന്‍ കാരണമെന്ന് കമീഷന്‍ അംഗം പറഞ്ഞു. ദാമ്പത്യ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളായിരുന്നു പരിഗണിച്ച കേസുകളില്‍ ഭൂരിഭാഗവും. ഇതില്‍ പരാതികള്‍ക്ക് കൂടുതലും ഇടയായത് ഭാര്യാ ഭര്‍ത്താക്കന്മാരുടെ വിവാഹേതര ബന്ധങ്ങളായിരുന്നു. വസ്തുതര്‍ക്കമാണ് പിന്നീട് വന്നതില്‍ കൂടുതലും. ജില്ലയിലെ പട്ടയവ്യവസ്ഥതയിലുള്ള ന്യൂനതയാണ് കൂടുതല്‍ പരാതികള്‍ക്കും ഇടയായത്. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലിയുള്ള രേഖകള്‍ ലഭ്യമാക്കാത്തതില്‍ ഇത്തരം കേസുകള്‍ ആര്‍.ഡി.ഒയുടെ പരിഗണനക്ക് അയച്ചതായി കമീഷന്‍ പറഞ്ഞു. റോഡുകള്‍ വീതി കൂട്ടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടും അഞ്ചോളം കേസുകള്‍ അദാലത്തില്‍ വന്നു. ആറുമാസം മുമ്പ് അദാലത്തില്‍ ഒത്തുതീര്‍പ്പാക്കിയ ഒരുവിവാഹമോചന കേസും ശനിയാഴ്ച വീണ്ടും പരിഗണനക്ക് എത്തിയിരുന്നു. ഭര്‍ത്താവ് ദേഹോപദ്രവം ചെയ്യുന്നതിനാല്‍ വിവാഹമോചനം വേണമെന്ന നിലപാടില്‍ പെണ്‍കുട്ടി ഉറച്ചുനിന്നതോടെ കേസ് കുടുംബകോടതിയിലേക്ക് കമീഷന്‍ റഫര്‍ ചെയ്തു. തൊഴിലിടത്തിലെ തര്‍ക്കം കമീഷന്‍െറ പരിഗണനക്ക് എത്തിയിരുന്നു. വൃദ്ധമാതാക്കളെ സംരക്ഷിച്ചില്ളെന്ന മൂന്ന് കേസുകളും അദാലത്തില്‍ വന്നിരുന്നു. അയല്‍പക്കക്കാര്‍ തമ്മിലുള്ള തര്‍ക്കവും കമീഷനില്‍ പരാതിയായി കൂടുതല്‍ എത്തുന്നുണ്ടെന്ന് കമീഷന്‍ പറഞ്ഞു. ഹൈറേഞ്ചില്‍ ഏലത്തോട്ടത്തില്‍ മരുന്നടിക്കുന്നത് സമീപവാസിയായ വീട്ടമ്മക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതായായിരുന്നു ഒരു പരാതി. കമീഷന്‍ നടത്തിയ അന്വേഷണത്തില്‍ അംഗീകൃത കീടനാശിനിയാണ് ഏലത്തോട്ടത്തില്‍ ഉപയോഗിക്കുന്നതെന്ന് കണ്ടത്തെിയതോടെ പരാതി പരിഹരിക്കുകയായിരുന്നു. ഇതിനിടെ സത്രീകള്‍ സ്വാര്‍ഥലക്ഷ്യത്തോടെ വ്യാജ പരാതികളും സൃഷ്ടിക്കുന്നുണ്ടെന്ന് കമീഷന്‍ വ്യക്തമാക്കി. പത്തുശതമാനം പരാതികളും ഇത്തരത്തിലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. പുരുഷന്മാരോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ കള്ള പരാതികള്‍ സൃഷ്ടിക്കുകയാണ്. സ്ത്രീകളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോഴും എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കുകയാണ് വനിതാ കമീഷന്‍െറ ലക്ഷ്യമെന്ന് ഡോ.ജെ. പ്രമീളദേവി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.