ഡയാലിസിസ് യൂനിറ്റിന് നല്‍കിയ 20 ലക്ഷം കാണാനില്ല

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് യൂനിറ്റ് തുടങ്ങാന്‍ ഇടുക്കി ബ്ളോക് പഞ്ചായത്ത് നല്‍കിയ 20 ലക്ഷം രൂപ കാണാനില്ല. സംസ്ഥാനത്തെ ഏറ്റവും നല്ല ബ്ളോക് പഞ്ചായത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുരസ്കാരത്തുകയായ 20 ലക്ഷം രൂപ അതേപടി മെഡിക്കല്‍ കോളജിന് കൈമാറുകയായിരുന്നെന്ന് മുന്‍ പ്രസിഡന്‍റ് എ.പി. ഉസ്മാന്‍ പറയുന്നു. തുക കൈമാറി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഡയാലിസിസ് യൂനിറ്റ് തുടങ്ങാന്‍ പ്രാരംഭ നടപടി പോലുമായിട്ടില്ല. കലക്ടറുടെ അക്കൗണ്ടിലേക്ക് നല്‍കിയ തുക ആശുപത്രിയുടെ മറ്റാവശ്യങ്ങള്‍ക്കു ചെലവഴിച്ചതായാണ് വിവരം. ഇതിനിടെ രണ്ടു കലക്ടര്‍മാര്‍ മാറിമാറി വന്നതോടെ ഇതുസംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല. ജില്ലയില്‍ വൃക്ക രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 30 ലക്ഷം രൂപയുണ്ടെങ്കില്‍ ഒരു ഡയാലിസിസ് യൂനിറ്റ് തുടങ്ങാം. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ കോളജിന് തറക്കല്ലിടാന്‍ വന്നപ്പോള്‍ 20 ലക്ഷം രൂപയുടെ ചെക് വേദിയില്‍വെച്ച് കൈമാറുകയായിരുന്നു. പിന്നീട് തുക കലക്ടര്‍ക്ക് നല്‍കി. 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ഒരു ഡയാലിസിസ് യൂനിറ്റിന് രണ്ടു മെഷീന്‍ വേണം. ഒരെണ്ണം കേടായാലും അടുത്തത് പ്രവര്‍ത്തിപ്പിക്കാനാണിത്. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍ തുടങ്ങിയ ജീവനക്കാരും യൂനിറ്റിന് ആവശ്യമാണ്. ഒരു യൂനിറ്റില്‍ ദിവസം അഞ്ചുപേര്‍ക്ക് ഡയാലിസിസ് നടത്താം. ഇടുക്കി മെഡിക്കല്‍ കോളജില്‍ മാത്രം ഡയാലിസിസ് ആവശ്യമുള്ള 152 നിര്‍ധന വൃക്കരോഗികള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബ്ളോക് പഞ്ചായത്ത് നല്‍കിയ 20 ലക്ഷത്തിന് പുറമെ കിഡ്നി ഫൗണ്ടേഷനും ലയണ്‍സ് ക്ളബും 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. പുറത്ത് സ്വകാര്യ ആശുപത്രിയില്‍ ഒരു ഡയാലിസിസിന് 2500 രൂപയോളമാണ് ചെലവ്. ആഴ്ചയില്‍ മൂന്ന് ഡയാലിസിസുവരെ ചെയ്യുന്ന രോഗികളുണ്ട്. പാവപ്പെട്ടവര്‍ക്ക് ഇത് സ്വപ്നം കാണാന്‍പോലും കഴിയാത്തതാണ്. നിലവില്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ മാത്രമാണ് ജില്ലയില്‍ ഡയാലിസിസ് സൗകര്യം. പണമില്ലാതെ ഡയാലിസിസ് നടത്താതെ കഷ്ടപ്പെടുന്ന രോഗികളും കുറവല്ല. ജില്ലയില്‍ കട്ടപ്പനയിലും തൊടുപുഴയിലും മാത്രമേ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റുള്ളൂ. ഇവിടെ തിരക്ക് കാരണം രോഗികള്‍ മറ്റു ജില്ലകളെ ആശ്രയിക്കുകയാണ്. ജില്ലയിലൊരിടത്തും വൃക്കരോഗ വിദഗ്ധന്‍െറ സേവനം ലഭ്യമല്ല. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍നിന്ന് വൃക്കരോഗ വിദഗ്ധന്‍ തൊടുപുഴ ജില്ലാ ആശുപത്രിയിലത്തെി രോഗികളെ സൗജന്യമായി പരിശോധിക്കുന്നുണ്ട്. ആവശ്യമായ ഫണ്ടുണ്ടായിട്ടും ഇടുക്കി മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാത്തത് തികഞ്ഞ അനാസ്ഥയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.