അനധികൃത നിര്‍മാണം: തൊടുപുഴയില്‍ പതിനൊന്ന് കെട്ടിടങ്ങള്‍ക്ക് കൂടി നോട്ടീസ്

തൊടുപുഴ: നഗരത്തില്‍ 11 അനധികൃത കെട്ടിടങ്ങള്‍ക്ക് കൂടി നഗരസഭയുടെ നോട്ടീസ്. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടങ്ങള്‍ക്കാണ് റവന്യൂ വിഭാഗം നോട്ടീസ് നല്‍കിയത്. കഴിഞ്ഞദിവസത്തെ പരിശോധനയില്‍ പത്ത് കെട്ടിടങ്ങളുടെ നിര്‍മാണം അനധികൃതമാണെന്ന് കണ്ടത്തെിയിരുന്നു. ഇവയുടെ നികുതിയിനത്തില്‍ 12 ലക്ഷം രൂപയാണ് നഗരസഭക്ക് നഷ്ടപ്പെട്ടത്. നഗരസഭാ ധനകാര്യ വിഭാഗത്തിന്‍െറ തീരുമാനപ്രകാരം അഞ്ചംഗ റവന്യൂ സംഘത്തെയാണ് പരിശോധനക്ക് നിയോഗിച്ചത്. നഗരസഭാ പരിധിയിലെ അനധികൃത കെട്ടിടങ്ങള്‍ കണ്ടത്തെി നികുതി ഈടാക്കുന്നതിന്‍െറ ഭാഗമായാണ് പരിശോധന. നഗരത്തില്‍ പലയിടത്തും നഗരസഭയുടെ അനുമതിയില്ലാടെ വന്‍കിട കെട്ടിടങ്ങളടക്കം ഉയരുന്നുണ്ട്. രണ്ടു നിലകള്‍ പണിയാന്‍ അനുമതിവാങ്ങിയ ശേഷം അതിന്‍െറ മറവില്‍ മൂന്നും നാലും നിലകള്‍ പണിതുയര്‍ത്തി നികുതിവെട്ടിക്കുകയാണ് ചെയ്യുന്നത്. ക്രമക്കേട് പൂര്‍ണമായി കണ്ടത്തെിയാല്‍ നഗരസഭക്ക് നികുതിയിനത്തില്‍ ലക്ഷങ്ങള്‍ ലഭിക്കുമെന്ന് പരിശോധനാ സംഘത്തിലുള്ളവര്‍ പറയുന്നു. പരിശോധന തുടരുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സിലില്‍ വന്‍ വിവാദവും ഉടലെടുത്തിട്ടുണ്ട്. അനധികൃത കെട്ടിടനിര്‍മാണം നടത്തിയ ചിലരെ ഒഴിവാക്കാന്‍ സി.പി.എം കൗണ്‍സിലര്‍മാര്‍ തന്നെ വിളിച്ചെന്ന ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ തിങ്കളാഴ്ച കൗണ്‍സില്‍ യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കം ചെയര്‍പേഴ്സന്‍െറ ഇറങ്ങിപ്പോക്കിലാണ് കലാശിച്ചത്. ചില ഉദ്യോഗസ്ഥര്‍ അനധികൃത നിര്‍മാണം നടത്തിയവരില്‍നിന്ന് നടപടി ഒഴിവാക്കാന്‍ കൈക്കൂലി ചോദിച്ചെന്ന പ്രതിപക്ഷ ആരോപണത്തോടെയാണ് വിവാദങ്ങളുടെ തുടക്കം. ക്രമവിരുദ്ധ നിര്‍മാണം കണ്ടത്തെി പിഴയീടാക്കിയാല്‍ നഗരസഭക്കു കീഴിലെ മുഴുവന്‍ ചട്ടലംഘനങ്ങള്‍ക്കുമെതിരെ സമാന നടപടി സ്വീകരിക്കണമെന്നാണ് എല്‍.ഡി.എഫ് നിലപാട്. അനധികൃത നിര്‍മാണം കണ്ടത്തെിയ ഉദ്യോഗസ്ഥര്‍ ഉടമകളോട് അരലക്ഷം രൂപ വരെ കൈക്കൂലി ചോദിച്ചെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍, നഗരസഭക്ക് പിഴയിനത്തില്‍ ലഭിക്കേണ്ട ലക്ഷങ്ങള്‍ ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് യു.ഡി.എഫ് വാദം. സ്വന്തം കെട്ടിടങ്ങളോടുചേര്‍ന്ന് അനധികൃതമായി നിര്‍മിച്ചവ കല്യാണമണ്ഡപവും ഓഡിറ്റോറിയങ്ങളുമായി പ്രവര്‍ത്തിപ്പിക്കുന്നു. എന്നാല്‍, ഭരണപക്ഷത്തിന്‍െറ അടുപ്പക്കാര്‍ക്ക് മാത്രം ഇളവ് നല്‍കാനാണ് ചില കെട്ടിടങ്ങള്‍ക്ക് മാത്രം പിഴയീടാക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. വരും ദിവസങ്ങളിലും ഇതേചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ വിവാദ ചര്‍ച്ചകള്‍ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.