കാറും സ്കൂട്ടറും ഇടിച്ച് വീട്ടമ്മക്ക് പരിക്ക്

തൊടുപുഴ: തൊടുപുഴ നഗരത്തില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. ശനിയാഴ്ച വെങ്ങല്ലൂര്‍-ഊന്നുകല്‍ റോഡില്‍ മാവിന്‍ചുവട്ടില്‍ കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ ഇടവെട്ടി വെട്ടൂര്‍മഠത്തില്‍ സുജാതക്ക് പരിക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സ്കൂട്ടര്‍ തകര്‍ന്നു. വെള്ളിയാഴ്ച നഗരത്തിലുണ്ടായ അപകടത്തില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച വ്യാപാരി ഉപ്പുതോട് മുപ്പാത്ത് സുനില്‍ ലോറിയിടിച്ചു മരിച്ചു. നഗരത്തില്‍ സിഗ്നലുകള്‍ ഇല്ലാത്തതും അപകട മുന്നറിയിപ്പ് ബോര്‍ഡുകളും ഇല്ലാത്തതുമാണ് അപകടങ്ങള്‍ക്ക് കാരണം. കഴിഞ്ഞ മാസം വെങ്ങല്ലൂരില്‍ നിയന്ത്രണംവിട്ട ബൈക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് കോതമംഗലം സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ആറു മാസത്തിനിടെ തൊടുപുഴ മേഖലയില്‍ 16ലധികം അപകടങ്ങള്‍ നടന്നുവെന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മങ്ങാട്ടുകവല, കാഞ്ഞിരമറ്റം ബൈപാസ്, മൗണ്ട് സീനായ്-വടക്കുംമുറി റോഡ്, വെങ്ങല്ലൂര്‍ ബൈപാസ് പ്രദേശങ്ങളിലാണ് അപകടങ്ങള്‍ ഏറെയും. മങ്ങാട്ടുകവല-വെങ്ങല്ലൂര്‍ ബൈപാസില്‍ അമിതവേഗവും അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നാലുവരിപ്പാതയിലെ വളവുകളും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഇവിടെ മിനിലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.