വാഗമണ്‍ മനോഹരി; റോഡുകള്‍ ദുര്‍ഘടം

മൂലമറ്റം: മൊട്ടക്കുന്നുകളാലും മലനിരകളാലും മനോഹരിയാണ് വാഗമണ്‍. അവിടെ എത്താന്‍ ദുര്‍ഘട പാതകള്‍ താണ്ടേണ്ട ഗതികേടിലാണ് സഞ്ചാരികള്‍. പുള്ളിക്കാനം വഴി വാഗമണ്ണിനുള്ള സംസ്ഥാന പാതയും കാഞ്ഞാര്‍ പുള്ളിക്കാനം പ്രധാന ജില്ലാ റോഡും തകര്‍ന്നു. വാഗമണ്‍, കോലാഹലമേട്, കുരിശുമല, തങ്ങളുപാറ, പൈന്‍ മരക്കാടുകള്‍, മൊട്ടക്കുന്നുകള്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. റോഡ് വികസനത്തിനൊപ്പം അടിസ്ഥാനസൗകര്യം ഒരുക്കിയാല്‍ കൂടുതല്‍ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാം. തൊടുപുഴ-പുളിയന്മല റൂട്ടിലെ നാടുകാണി പവിലിയന്‍ മാതൃകയില്‍ പുള്ളിക്കാനം മേഖലയില്‍ പവിലിയന്‍ നിര്‍മിച്ചാല്‍ സഞ്ചാരികള്‍ക്ക് മൂലമറ്റം പവര്‍ ഹൗസ് സ്വിച്ച് യാര്‍ഡ്, പാലാ, കാഞ്ഞാര്‍, അറക്കുളം മേഖലകളുടെ വിദൂരദൃശ്യങ്ങള്‍ ആസ്വദിക്കാം. വാഗമണ്‍ മൊട്ടക്കുന്നില്‍ റോപ് വേയുടെ പണി ഏതാണ്ട് പൂര്‍ത്തീകരിച്ചെങ്കിലും മിന്നല്‍ രക്ഷാചാലകങ്ങള്‍ ഇല്ലാത്തതിനാല്‍ പദ്ധതി മുന്നോട്ടുപോയിട്ടില്ല. തൊടുപുഴയില്‍നിന്ന് പുള്ളിക്കാനം വഴി വാഗമണ്ണിലേക്കുള്ള സംസ്ഥാന പാതയുടെ വീതി കൂട്ടണമെന്ന ആവശ്യവും ശക്തമാണ്. വാഗമണ്ണിലേക്കടക്കം നൂറുകണക്കിന് വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന വഴിയാണിത്. സംസ്ഥാന പാതയാണെങ്കിലും റോഡില്‍ പലയിടത്തും രണ്ടു വാഹനങ്ങള്‍ നേര്‍ക്കുനേര്‍ വന്നാല്‍ കടന്നുപോകാനാകില്ല. മൂലമറ്റത്തുനിന്ന് ഇലപ്പള്ളി, എടാട്, പുള്ളിക്കാനം വഴിയാണ് സംസ്ഥാന പാത കടന്നുപോകുന്നത്. റോഡില്‍ പലയിടത്തും ആവശ്യത്തിന് വീതിയില്ലാത്തതിനാല്‍ സര്‍വിസ് ബസ് അടക്കം വാഹനങ്ങള്‍ ഓടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ¥്രെഡവര്‍മാര്‍ പറയുന്നു. പലപ്പോഴും എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനാവില്ല. വളവുകളേറെയുള്ള റൂട്ടില്‍ എതിര്‍വശത്തുനിന്ന് വാഹനങ്ങള്‍ പെട്ടെന്ന് കാണുമ്പോള്‍ വെട്ടിക്കാന്‍ ശ്രമിക്കുന്നതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. സംസ്ഥാനപാതയാക്കി ഉയര്‍ത്തിയിട്ട് 10 വര്‍ഷമായെങ്കിലും വീതികൂട്ടാന്‍ നടപടിയുണ്ടായിട്ടില്ല. മൂലമറ്റം, ഇലപ്പള്ളി, എടാട്, പുള്ളിക്കാനം സംസ്ഥാന പാതയും കാഞ്ഞാര്‍ പുള്ളിക്കാനം പ്രധാന ജില്ലാ റോഡും എത്തിച്ചേരുന്നത് പുള്ളിക്കാനം ഇടുക്കുപാറയിലാണ്. ഈ രണ്ട് റോഡും വലിയ കയറ്റവും ഇറക്കവുമാണ്. പല സ്ഥലത്തും കൊടുംവളവുകളും വലിയ കൊക്കകളുമുണ്ട്. രണ്ട് റോഡിനും വീതി കുറവും സംരക്ഷണഭിത്തിയും ഇല്ല. ഇതോടൊപ്പം സംസ്ഥാനപാതയിലെ മണപ്പാടി പാലവും ഇലപ്പള്ളി കൈക്കുളം പാലവും അപകടാവസ്ഥയിലാണ്. പാലം അപകടത്തില്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ പൊതുമരാമത്ത് വകുപ്പ് മറ്റ് നടപടി സ്വീകരിച്ചിട്ടില്ല. മൂടല്‍ മഞ്ഞ് പെയ്യുന്ന പാതയില്‍ ആവശ്യത്തിന് വീതിയില്ലാത്തത് യാത്രക്കാരെ വലക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.