പണമില്ല; റോഡ് പണി നീളുന്നു

തൊടുപുഴ: ഭരണാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണി നീളുന്നു. ഫണ്ടിന്‍െറ അഭാവം മൂലം നഗരപ്രദേശങ്ങളില്‍ പ്രധാനറോഡുകളില്‍ മാത്രം അറ്റകുറ്റപ്പണി നടത്തേണ്ട ഗതികേടിലാണ് പൊതുമരാമത്ത് വകുപ്പ്. ഇത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കി. കഴിഞ്ഞവര്‍ഷം റോഡ് അറ്റകുറ്റപ്പണിക്ക് ആവശ്യപ്പെട്ടതില്‍ 8.36 കോടിയുടെ ഭരണാനുമതി സര്‍ക്കാറില്‍നിന്ന് ലഭിച്ചില്ല. ആവശ്യപ്പെട്ടതിന്‍െറ പകുതി തുകയുടെ ഭരണാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അനുമതി ലഭിച്ചവയുടെ മാത്രം ജോലികളാണ് നടത്തിയത്. പുതിയ സര്‍ക്കാര്‍ റോഡ് അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുന്ന മുറക്ക് നിര്‍ദേശം സമര്‍പ്പിച്ച് അനുമതി കിട്ടി പണി തുടങ്ങുന്നതുവരെ തകര്‍ന്ന റോഡിലൂടെ സഞ്ചരിക്കണം. ചില പ്രദേശങ്ങളില്‍ റോഡ് അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിച്ചിട്ടും നടപടിക്രമങ്ങളുടെ നൂലാമാലകളില്‍ കുരുങ്ങി നിര്‍മാണം വൈകുകയാണെന്ന ആരോപണമുണ്ട്. ശബരിമല സീസണുമായി ബന്ധപ്പെട്ട റോഡ് അറ്റകുറ്റപ്പണിക്ക് 12 കോടിയുടെ ഭരണാനുമതി ആവശ്യപ്പെട്ട് ജില്ലയിലെ പൊതുമരാമത്ത് വിഭാഗം സര്‍ക്കാറിന് പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ഭരണാനുമതി വൈകിയാല്‍ ശബരിമല തീര്‍ഥാടകര്‍ ദുരിതയാത്ര അനുഭവിക്കേണ്ടിവരും. ജില്ലയിലെ പല റോഡുകളിലും ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലമായതോടെ വെള്ളം കെട്ടിക്കിടക്കുന്ന ഇത്തരം കുഴികള്‍ അപകടക്കെണികളായി മാറിയിരിക്കുകയാണ്. തൊടുപുഴ-വെള്ളിയാമറ്റം റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ട് മാസങ്ങളായിട്ടും പല ഭാഗങ്ങളും തകര്‍ന്നു. ഇടവെട്ടി, കുമ്പംകല്ല്, ആലക്കോട് സ്ഥലങ്ങളില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയ നിര്‍മാണവും ചടങ്ങായി മാറിയ അറ്റകുറ്റപ്പണിയും ഓടകളില്ലാത്ത ഭാഗങ്ങളില്‍ വെള്ളം കയറിയതും ഭാരവാഹനങ്ങളുടെ അനിയന്ത്രിത പാച്ചിലുമാണ് റോഡ് തകര്‍ച്ചക്ക് കാരണം. അടിമാലി, രാജാക്കാട്, നെടുങ്കണ്ടം, മൂന്നാര്‍ എന്നിവിടങ്ങളിലെ ഗ്രാമീണ റോഡുകള്‍ തകര്‍ന്നു. നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫണ്ട് ലഭ്യമാകാതെ ജോലി എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കിലാണ് പൊതുമരാമത്ത് വകുപ്പ്. പല പഞ്ചായത്ത് റോഡുകള്‍ തകര്‍ന്ന് മെറ്റലും ടാറിങ്ങും ഇളകി. മഴക്കാലമായതോടെ പലയിടത്തും യാത്ര ഏറെ ദുഷ്കരമാണ്. മഴ ശക്തി പ്രാപിച്ചതിന് പിന്നാലെ അപകടങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ വ്യത്യസ്ത അപകടങ്ങളില്‍ നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. റോഡ് അറ്റകുറ്റപ്പണി വൈകുന്നതില്‍ പ്രതിഷേധിച്ച് സമരങ്ങളും പതിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.