മഴയില്‍ ദുരിതം കനത്തു

കുമളി: മഴ ആരംഭിച്ചതോടെ വൈദ്യുതി വകുപ്പും ‘പണി’ തുടങ്ങി. വൈദ്യുതി മുടക്കം പതിവായതോടെ ഉപഭോക്താവ് ഓഫിസിലേക്ക് വിളിച്ചാല്‍ ഫോണ്‍ പണിമുടക്കിലാണെന്ന വിവരമാണ് ലഭിക്കുക. കുമളി വൈദ്യുതി സെക്ഷന്‍ ഓഫിസ് ജീവനക്കാരുടെ അനാസ്ഥയാണെന്ന് ആക്ഷേപമുണ്ട്. കുമളി, തേക്കടി പ്രദേശങ്ങളില്‍ മിക്കദിവസവും വൈദ്യുതി മുടങ്ങുന്നുണ്ട്. റമദാന്‍ മാസത്തില്‍ വൈകുന്നേരങ്ങളിലെ പതിവ് വൈദ്യുതി മുടക്കം വിശ്വാസികളെയും നാട്ടുകാരെയും ബുദ്ധിമുട്ടിക്കുന്നു. വേനലില്‍ വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞുകിടക്കുന്ന മരക്കൊമ്പുകള്‍ മുറിച്ചുനീക്കാന്‍ മുന്നറിയിപ്പില്ലാതെ ദിവസങ്ങളോളം പകല്‍ മുഴുവന്‍ വൈദ്യുതി മുടക്കിയിരുന്നു. വേനലിലെ അറ്റകുറ്റപ്പണികളിലെ ക്രമക്കേടാണ് മഴക്കാലത്തെ വൈദ്യുതി മുടക്കത്തിന് കാരണമെന്ന് പറയപ്പെടുന്നു. വിനോദ സഞ്ചാരകേന്ദ്രം കൂടിയായ തേക്കടി, കുമളി മേഖലകളില്‍ നിരവധി റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍ എന്നിവയെല്ലാം വൈദ്യുതി വകുപ്പിലെ ജീവനക്കാരുടെ കെടുകാര്യസ്ഥത മൂലം പൊറുതിമുട്ടുകയാണ്. ചെറുകിട വ്യാപാര മേഖലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഫോട്ടോസ്റ്റാറ്റ്, കോള്‍ഡ് സ്റ്റോറേജുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെയും വൈദ്യുതി മുടക്കം വെട്ടിലാക്കുന്നു. കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ നിലനില്‍ക്കുന്നതിടെ ഫോണ്‍ മാറ്റിവെച്ചുള്ള പരീക്ഷണമാണ് ജീവനക്കാര്‍ നടത്തുന്നതെന്ന് പരാതിയുണ്ട്. വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ വൈകുന്നതിനും കാരണമാകുന്നു. വൈദ്യുതി മുടക്കം പതിവായത് എ.ടി.എം കൗണ്ടറുകളുടെയും ബാധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.