അറക്കുളത്ത് കുടിക്കുന്നത് മലിനജലം

മൂലമറ്റം: ആയിരക്കണക്കിനാളുകള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന അറക്കുളം പമ്പ് ഹൗസില്‍നിന്ന് പമ്പ് ചെയ്യുന്നത് മലിനജലം. പരാതി ശക്തമായതിനെ തുടര്‍ന്ന് അറക്കുളം ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. അടുത്തകാലത്ത് പമ്പ് ഹൗസിന്‍െറ ഒരുഭാഗം ഇടിഞ്ഞുപോയതോടെ വലിയ പൈപ്പ് സ്ഥാപിച്ച് മലിനജലം ശുചീകരണവുമില്ലാതെ പമ്പ് ചെയ്യുകയാണ്. പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ അറക്കുളം പമ്പ് ഹൗസ് പ്രവര്‍ത്തനമാരംഭിച്ചിട്ട് നാല് പതിറ്റാണ്ടിലേറെയായി. 3000ലേറെ കുടുംബങ്ങളാണ് പദ്ധതിയില്‍നിന്ന് കുടിവെള്ളം എടുക്കുന്നത്. എന്നാല്‍, കാലങ്ങളായി പമ്പ് ഹൗസിന്‍െറ അറ്റകുറ്റപ്പണി നടത്താറില്ല. വെള്ളം ശേഖരിച്ച് ശുദ്ധീകരിക്കേണ്ട ഫില്‍ട്ടര്‍ ടാങ്കും നശിച്ചിട്ട് കാലങ്ങളേറെയായി. ഇടുക്കി ജലവൈദ്യുതി പദ്ധതിയില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ചശേഷം പുറത്തേക്കൊഴുകുന്ന വെള്ളമാണ് അറക്കുളത്തുനിന്ന് പമ്പ് ചെയ്ത് വിതരണം നടത്തുന്നത്. അനവധി വിദ്യാലയങ്ങളിലടക്കം അറക്കുളം പമ്പുഹൗസിലെ വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്. സ്കൂളുകളിലെ പൊതുടാപ്പുകളില്‍നിന്ന് ശേഖരിച്ച കുടിവെള്ളം വാട്ടര്‍ അതോറിറ്റിയുടെ ലാബില്‍ പരിശോധന നടത്തിയപ്പോള്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ഞെട്ടിക്കുന്ന തോതിലായിരുന്നു. പുതിയ ടാങ്കും കിണറും പൈപ്പും ഉള്‍പ്പെടെയുള്ള സ്ഥാപിക്കണമെന്നും ശുദ്ധീകരണ ടാങ്ക് ഉള്‍പ്പെടെയുള്ളവ പുതുക്കിപ്പണിയണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജലനിധി പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളില്‍ കൂടുതല്‍ തുക മുടക്കാനാവില്ളെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു. അറക്കുളം പുത്തന്‍പള്ളി കവലയില്‍ ജലനിധിക്കായി നിര്‍മിച്ച കിണറ്റില്‍നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കാമെന്നാണ് വാട്ടര്‍ അതോറിറ്റി നിര്‍ദേശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.