തൊടുപുഴ: പൂപ്പാറയിലെ കാട്ടാനശല്യം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസനസമിതിയോഗം വനം വകുപ്പിന് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ഉടന്‍ നടപടിവേണമെന്ന് എം.എല്‍.എമാരായ എസ്. രാജേന്ദ്രന്‍, കെ.കെ. ജയചന്ദ്രന്‍, ഇ.എസ്. ബിജിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ് എന്നിവര്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു. കാട്ടാനശല്യം രൂക്ഷമായ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മിനിമാക്സ് ലൈറ്റ് സ്ഥാപിക്കാനും കാമറ ട്രാപ് ഏര്‍പ്പെടുത്താനും വാച്ചര്‍മാരെ നിയമിക്കാനുമുള്ള നടപടി കൈക്കൊള്ളാന്‍ വികസനസമിതി യോഗാധ്യക്ഷനും കലക്ടറുമായ ഡോ. എ. കൗശിഗന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കാട്ടാനകളുടെ സഞ്ചാരപാത തടസ്സപ്പെടുന്ന രീതിയില്‍ വേലികള്‍ സ്ഥാപിച്ചതും സഞ്ചാരത്തിനുള്ള സ്ഥലം കുറയുന്നതുമാണ് കാട്ടാനകള്‍ നാട്ടിലേക്കും റോഡിലേക്കും ഇറങ്ങാന്‍ കാരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. സഞ്ചാരം തടസ്സപ്പെടാത്തരീതിയില്‍ വേലികള്‍ പുന$ക്രമീകരിക്കാനും ഏറുമാടം കെട്ടി വന്യമൃഗങ്ങളുടെ സഞ്ചാരം നിരീക്ഷിക്കാനും ചിപ്പ് ഘടിപ്പിച്ച് ചലനം മനസ്സിലാക്കാനുമുള്ള സാധ്യതകള്‍ പരിശോധിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. വന്യമൃഗങ്ങളുടെ ആക്രമണഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും വികസനസമിതി യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച തുടര്‍ നടപടികള്‍ക്ക് ലീഡ് ബാങ്ക് മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. ആക്രമണഭീഷണി ഉയര്‍ത്തി ഇപ്പോഴും നിലകൊള്ളുന്ന ആനകളെ ശബ്ദ സംവിധാനത്തിലൂടെ ഉള്‍വനങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും കൈക്കൊള്ളും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിക്കുന്നവര്‍ക്കും അപകടം പറ്റുന്നവര്‍ക്കുമുള്ള സഹായധന വിതരണത്തിന് ഫണ്ടില്ലാത്ത കാര്യം ഗവണ്‍മെന്‍റിന്‍െറ ശ്രദ്ധയില്‍പെടുത്തും. വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് വാഹകരാകുന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പൊലീസ്, എക്സൈസ് വകുപ്പുകള്‍ കൂടുതല്‍ നടപടി കൈക്കൊള്ളണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ് പറഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ലക്ഷക്കണക്കിന് രൂപ മുടക്കി സ്്ഥാപിച്ച ലാബുകള്‍ സ്റ്റാഫിന്‍െറ കുറവുമൂലം ഉപയോഗശൂന്യമാകുന്നത് തടയാന്‍ നടപടി കൈക്കൊള്ളണമെന്ന്് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. റോഡ് അറ്റകുറ്റപ്പണി സമയബന്ധിതമായി തീര്‍ക്കണമെന്ന് എസ്. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ എ.ഡി.എം കെ.കെ.ആര്‍ പ്രസാദ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ എന്‍.കെ. രാജേന്ദ്രന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.