തേക്കടി സര്‍വിസ് മുടങ്ങി: ജനുറം ബസ് സര്‍വിസുകള്‍ പ്രതിസന്ധിയിലേക്ക്

ചെറുതോണി: ഏറെ കൊട്ടിഘോഷിച്ച് കെ.യു.ആര്‍.ടി.സി റോഡിലിറക്കിയ എ.സി ജനുറം ബസുകള്‍ കട്ടപ്പുറത്തേക്ക്. തൊടുപുഴ-തേക്കടി സര്‍വിസ് മുടങ്ങിയിട്ട് ദിവസങ്ങളായി. ഒരുകോടി രൂപ വിലവരുന്ന എ.സി ലോഫ്ളോര്‍ ജനുറം ബസുകള്‍ എട്ടെണ്ണമാണ് ജില്ലക്ക് അനുവദിച്ചത്. ഇവ പ്രതിദിനം പതിനായിരക്കണക്കിന് രൂപ നഷ്ടത്തിലാണ് സര്‍വിസ് നടത്തുന്നത്. നെടുങ്കണ്ടം, എറണാകുളം, തൃശൂര്‍, ഉടുമ്പന്നൂര്‍, തോപ്രാംകുടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന ബസുകള്‍ തിരിച്ചും മറിച്ചും ഓടിച്ചുനോക്കിയിട്ടും ലാഭമുണ്ടാക്കാന്‍ കഴിയുന്നില്ല. റിയര്‍വ്യൂ മീറ്റര്‍ കേടായതും സ്പെയര്‍ പാര്‍ട്സ് കിട്ടാനില്ലാത്തതുമാണ് തേക്കടി ബസ് മുടങ്ങാന്‍ കാരണം. പ്രതിദിനം 10000ത്തോളം രൂപ നഷ്ടം സഹിച്ചാണ് ഈ സര്‍വിസ് നടത്തിയിരുന്നതെന്ന് അധികൃതര്‍ പറയുന്നു. കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍േറതാണ് ബസുകള്‍. മെട്രോ നഗരങ്ങളില്‍ സര്‍വിസ് നടത്താനാണ് കേന്ദ്ര നഗരവികസന കാര്യ മന്ത്രാലയം ജവഹര്‍ലാല്‍ നെഹ്റു നാഷനല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജനുറം) ബസുകള്‍ അനുവദിച്ചത്. ഒരു ബസിന് വോള്‍വോ കമ്പനി ഒരുകോടി രൂപയാണ് വാങ്ങുന്നത്. ഇതിന്‍െറ സ്പെയര്‍ പാര്‍ട്സ് കിട്ടാനില്ല. പുറത്തുനിന്ന് വാങ്ങണമെങ്കില്‍ മൂന്നിരട്ടി വില നല്‍കണം. എ.സി എട്ടെണ്ണം ജില്ലക്ക് അനുവദിച്ചത് കൂടാതെ കട്ടപ്പന, മൂലമറ്റം ഡിപ്പോകള്‍ക്ക് ഓരോ നോണ്‍ എ.സി ബസുകളും അനുവദിച്ചു. മെട്രോ നഗരങ്ങളില്‍ കുണ്ടും കുഴിയുമില്ലാത്ത പ്രതലങ്ങളിലൂടെ മാത്രം ഓടിക്കണമെന്ന് നിര്‍ദേശമുള്ള ബസുകള്‍ ഹൈറേഞ്ചിലെ തകര്‍ന്ന റോഡിലൂടെ ഓടിച്ച് കോടികളാണ് വെള്ളത്തിലാകാന്‍ പോകുന്നത്. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ആവശ്യത്തിന് ബസില്ലാതെവന്നപ്പോള്‍ മുടങ്ങിയ ബസുകള്‍ക്ക് പകരം ജനുറം ബസുകള്‍ സര്‍വിസ് നടത്തുന്നതായും പറയുന്നു. ബസുകള്‍ വാങ്ങിയപ്പോള്‍ വോള്‍വോ കമ്പനിയുമായി കരാര്‍ ഒപ്പിടാത്തതിനാല്‍ അറ്റകുറ്റപ്പണി നടത്തിയാലും വാറന്‍റിയുടെ ആനുകൂല്യവും ലഭിക്കില്ല. ബസിന് തകരാര്‍ സംഭവിച്ചാല്‍ നഷ്ടം ജീവനക്കാരില്‍നിന്ന് ഈടാക്കുമെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. ഇതുമൂലം ഇവയില്‍ ജോലിചെയ്യാനും ജീവനക്കാര്‍ മടിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.