മാലിന്യ പ്രശ്നം രൂക്ഷം അടിമാലി ടൗണ്‍ കുപ്പത്തൊട്ടി

അടിമാലി: കുപ്പത്തൊട്ടിയായി മാറിയ അടിമാലി ടൗണില്‍ ഇറങ്ങാന്‍ ജനം മടിക്കുന്നു. മാലിന്യം കുമിഞ്ഞുകൂടിയതോടെ പകര്‍ച്ചവ്യാധികള്‍ പ്രദേശത്ത് വ്യാപിക്കാന്‍ സാധ്യതയേറി. രണ്ടു മാസത്തിലേറെയായി വാണിജ്യ കേന്ദ്രമായ അടിമാലിയിലെ മാലിന്യം അധികൃതര്‍ നീക്കിയിട്ട്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മാലിന്യം തള്ളാന്‍ കണ്ടത്തെിയ സ്ഥലത്ത് കഴിയാതെ വന്നതാണ് പ്രശ്നമെങ്കിലും ഇതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നം പരിഹരിക്കാന്‍പോലും പഞ്ചായത്തിന് സാധിക്കാത്തത് പ്രതിഷേധം ആളിക്കത്താന്‍ കാരണമായി. മാലിന്യ നീക്കം നിലച്ചതോടെ ടൗണിലും പരിസരത്തും കുമിഞ്ഞുകൂടുകയാണ്. ഇവ ചീഞ്ഞഴുകി റോഡിലൂടെ ചിതറിക്കിടക്കുന്നു. ഇതിന് മുകളിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങി നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായി. ഈച്ചയും കൊതുകും പെരുകി. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ പൊതുജനത്തെ ബാധിക്കുമ്പോഴും കണ്ടില്ളെന്ന് നടിക്കുകയാണ് ആരോഗ്യവകുപ്പും ബന്ധപ്പെട്ട അധികൃതരും. പഞ്ചായത്ത് ഭരണം നിശ്ചലമായ അവസ്ഥയിലാണ്. ഫലപ്രദമായ നടപടിയൊന്നും സ്വീകരിക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. മാലിന്യ പ്രശ്നം പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചെങ്കിലും ശാസ്ത്രീയ പദ്ധതികളെ സംബന്ധിച്ച് നിര്‍ദേശവും വെക്കാനായില്ല. മാലിന്യം പൊതുനിരത്തിലിട്ടാല്‍ ക്രിമിനല്‍ കേസെടുക്കുമെന്ന് വാര്‍ത്താസമ്മേളനം വിളിച്ച് പ്രഖ്യാപിച്ച പഞ്ചായത്ത് ആര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. പ്രശ്നത്തിന്‍െറ ഗൗരവം നാട്ടുകാര്‍ ജില്ലാ ഭരണകൂടത്തിന്‍െറ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലമില്ല. അഞ്ചുപേര്‍ക്ക് മഞ്ഞപ്പിത്തവും മൂന്നു പേര്‍ ഡെങ്കിപ്പനിയോട് സാദൃശ്യമുള്ള പകര്‍ച്ചപ്പനിയും പിടിക്കപ്പെട്ടു. കൊതുക് പെരുകിയിട്ട് രാത്രിയും പകലും ടൗണില്‍ നില്‍ക്കാന്‍ പറ്റുന്നില്ല. കുമിയുന്ന മാലിന്യം എന്തു ചെയ്യണമെന്നറിയാതെ വ്യാപാരികളും നട്ടം തിരിയുകയാണ്. സ്ഥാപനങ്ങളില്‍ ശേഖരിക്കാന്‍ കഴിയുന്നതിന്‍െറ ഇരട്ടിയില്‍ അധികമായതോടെ ഇനി എവിടെ തള്ളുമെന്നറിയാതെ വ്യാപാരികളും വിഷമത്തിലായി. ഈ നില തുടര്‍ന്നാല്‍ പല സ്ഥാപനങ്ങളും തുറക്കാന്‍ കഴിയാത്ത സ്ഥിതിവരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മാരകരോഗങ്ങള്‍ പടരുന്നതിന് മുമ്പേ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് തയാറാകണം. ജില്ലയിലെ പ്രധാന ടൗണുകളിലൊന്നാണ് അടിമാലി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളടക്കം ആയിരക്കണക്കിന് ആളുകളാണ് ദിനേന ഇവിടെ എത്തുന്നത്. അധികൃതര്‍ ഗൗരവമായി വിഷയത്തെ കാണണമെന്നും അതല്ളെങ്കില്‍ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങുമെന്നും നഗരവാസികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.