കുന്നുകൂടി മാലിന്യം

തൊടുപുഴ: നഗരവാസികളില്‍ ദുരിതങ്ങള്‍ വിതച്ച് മാലിന്യസംസ്കരണം പാളുന്നു. സംസ്കരണത്തിന് മാര്‍ഗമില്ലാതായതോടെ പ്ളാസ്റ്റിക് അടക്കം വസ്തുക്കള്‍ പൊതുസ്ഥലങ്ങളില്‍ കത്തിക്കുന്ന പ്രവണത വര്‍ധിക്കുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. വെങ്ങല്ലൂരില്‍ മുനിസിപ്പല്‍ വ്യവസായ കേന്ദ്രത്തില്‍ പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റ് സ്ഥാപിക്കാന്‍ ഏതാനും ലക്ഷം രൂപ മുടക്കി ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചിരുന്നു. കെട്ടിടം നിര്‍മിച്ചെങ്കിലും സ്ഥലത്തെ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ എതിര്‍പ്പും രാഷ്ട്രീയഭിന്നതയും മൂലം പദ്ധതി അട്ടിമറിക്കപ്പെട്ടു. ഇ-വേസ്റ്റ്, ബള്‍ബുകള്‍, മറ്റ് ഖരമാലിന്യം എന്നിവ ശേഖരിച്ച് സംസ്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ പോലും കഴിഞ്ഞില്ല. നഗരത്തിലെ മാലിന്യം സംസ്കരിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മാണം തുടങ്ങിയ ബയോഗ്യാസ്പ്ളാന്‍റും വേണ്ടരീതിയില്‍ പ്രയോജനപ്പെട്ടില്ല. ഇതാണ് മാലിന്യം കുമിഞ്ഞുകൂടാന്‍ കാരണം. 2011-12 വര്‍ഷത്തെ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ് മാര്‍ക്കറ്റില്‍ ബയോഗ്യാസ് പ്ളാന്‍റ് നിര്‍മിക്കാന്‍ ഡി.പി.സി അംഗീകാരം നല്‍കിയത്. തുടര്‍ന്ന് പ്രോജക്ടിന് ഭരണാനുമതിയും ലഭിച്ചു. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ എന്ന സ്ഥാപനമാണ് പ്ളാന്‍റ് രൂപകല്‍പന ചെയ്തതും പ്രവൃത്തി ഏറ്റെടുത്തതും. ഇതുവരെ 18,91,000 രൂപയും പ്ളാന്‍റിനായി ചെലവഴിച്ചു. എന്നാല്‍, ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ല. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി തൊടുപുഴയിലെ മാലിന്യം പാറക്കടവിലെ ഒരേക്കറിലധികം വരുന്ന സ്ഥലത്ത് കുന്നുകൂട്ടുകയാണ്. ഇതിലെ ജൈവഘടകങ്ങള്‍ ദ്രവിച്ചും ഉണങ്ങിപ്പൊടിഞ്ഞും വളമായി കിടക്കുന്ന സ്ഥിതിയിലാണ്. മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ളാന്‍റ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഇതിന്‍െറ അളവ് കുറക്കാം. പാറക്കടവില്‍ നിലവിലുള്ള മണ്ണിര കമ്പോസ്റ്റിങ് സംവിധാനം തീര്‍ത്തും അപര്യാപ്തമാണ്. ടൗണിന്‍െറ മുക്കിലും മൂലയിലും റോഡ്വക്കില്‍ പ്ളാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നത് വ്യാപകമായിട്ടും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ നടപടിയെടുക്കുന്നില്ല. അടുത്തിടെ നഗരസഭ നേരിട്ട് പ്ളാസ്റ്റിക് ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ശുദ്ധമായ പ്ളാസ്റ്റിക്കുകള്‍ മാത്രമേ നഗരസഭ സ്വീകരിക്കൂ എന്ന നിലവന്നത് ശേഖരണം തന്നെ അവതാളത്തിലാക്കി. പ്ളാസ്റ്റിക് റീസൈക്ളിങ് പ്ളാന്‍റ് സ്ഥാപിക്കുകയാണ് പരിഹാരമെന്ന് ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.