പാഴ്വസ്തുക്കള്‍ വലിച്ചെറിയേണ്ട; പൂന്തോട്ടമാക്കി മാറ്റാം

തൊടുപുഴ: മാലിന്യവും പ്ളാസ്റ്റിക് പാഴ്വസ്തുക്കളും പ്രയോജനപ്പെടുത്തി വീട്ടുമുറ്റത്തും ടെറസുകളിലും അലങ്കാര സസ്യങ്ങളും പച്ചക്കറികളും നട്ടുവളര്‍ത്തി പൂന്തോട്ടം നിര്‍മിക്കാമെന്ന് തെളിയിക്കുകയാണ് വണ്ടിപ്പെരിയാറില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പിന്‍െറ സംസ്ഥാന പച്ചക്കറിത്തോട്ടം. സീറോ വേസ്റ്റ് ഗാര്‍ഡന്‍ എന്ന പേരില്‍ തുടങ്ങിയ സംരംഭത്തിന് ജനങ്ങളുടെ ഇടയില്‍നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ടയര്‍, പ്ളാസ്റ്റിക് കുപ്പികള്‍, ടിന്നുകള്‍, കട്ടികൂടിയ കവറുകള്‍, തെര്‍മോകോള്‍ കവറുകള്‍ മുതല്‍ ഉപയോഗ ശൂന്യമായ ട്യൂബ് ലൈറ്റുവരെ പൂന്തോട്ടം നിര്‍മിക്കാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സീറോ വേസ്റ്റ് ഗാര്‍ഡനില്‍ പ്രധാനമായും സീസണില്‍ പുഷ്പിക്കുന്ന ചെടികളായ പെറ്റിയൂണിയ, ബോള്‍സം, സീനിയ, ഫ്ളോക്സ് തുടങ്ങിയവയാണ് നട്ടുവളര്‍ത്തിയിരിക്കുന്നത്. ജൈവ മാലിന്യം എളുപ്പം സംസ്കരിച്ചെടുക്കാന്‍ സാധിക്കുന്നവയാണ്. എന്നാല്‍, ജീര്‍ണിക്കാത്ത മാലിന്യംമൂലം പ്രകൃതിയിലുണ്ടാകുന്ന പ്രശ്നങ്ങളെ മികച്ച രീതിയില്‍ പരിഹരിക്കാന്‍ ഇത്തരം സംരംഭങ്ങളിലൂടെ കഴിയുമെന്നതിന് ഉദാഹരണമാണ് സീറോ വേസ്റ്റ് ഗാര്‍ഡന്‍ എന്ന് വണ്ടിപ്പെരിയാര്‍ പച്ചക്കറിത്തോട്ടം ഫാം സൂപ്രണ്ട് എന്‍.എസ്. ജോഷ് പറഞ്ഞു. ഫാമിലെ കൃഷി ഓഫിസര്‍ ജിതിന്‍ ജയിംസ്, കൃഷി അസിസ്റ്റന്‍റ് സുനീഷ് എന്നിവരാണ് ഗാര്‍ഡന്‍ രൂപകല്‍പന ചെയ്തത്. ജീര്‍ണിക്കാത്ത മാലിന്യം ഗുരുതര മാലിന്യ പ്രശ്നങ്ങളും പാരിസ്ഥിതിക പ്രത്യാഘാതങ്ങളുമാണ് സൃഷ്ടിക്കുന്നത്. ഇത്തരം മാലിന്യം ഉപയോഗിച്ച് പൂന്തോട്ട നിര്‍മാണം പോലുള്ള കൃഷി രീതികള്‍ക്കായി ഉപയോഗപ്പെടുത്തുമ്പോള്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ സാധിക്കും. കൊതുക്, വെള്ളം കെട്ടിക്കിടക്കുമ്പോള്‍ ഉണ്ടാകുന്ന മറ്റ് ജീവികള്‍ എന്നിവ പെരുകാതിരിക്കാനും ഇതുമൂലം സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.