മൂവാറ്റുപുഴ ജില്ലക്കായി ഓപണ്‍ ഫോറം പത്തിന്

തൊടുപുഴ: മൂവാറ്റുപുഴ ജില്ലയുടെ രൂപവത്കരണത്തിനായി വീണ്ടും മുറവിളി. മാനവ സംസ്കൃതി നേതൃത്വത്തില്‍ പത്തിന് വൈകുന്നേരം അഞ്ചിന് മൂവാറ്റുപുഴ കബനി ഇന്‍റര്‍നാഷനല്‍ ഹോട്ടലില്‍ ഇത് സംബന്ധിച്ച് സംവാദം നടക്കും. മുന്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ വിഷയാവതരണം നടത്തും. പ്രഫ. ബേബി എം. വര്‍ഗീസ് മോഡറേറ്ററാകും. ജോസഫ് വാഴക്കന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജോയ്സ് ജോര്‍ജ് എം.പി, ടി.യു. കുരുവിള എം.എല്‍.എ, മുന്‍ എം.പിമാരായ പി.ടി. തോമസ്, പി.സി. തോമസ്, ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എം.എല്‍.എമാര്‍, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പിറവം, കോതമംഗലം, തൊടുപുഴ നഗരസഭയിലെ ചെയര്‍മാന്മാര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് മാനവസംസ്കൃതി സംസ്ഥാന കമ്മിറ്റി അംഗം എല്‍ദോ ബാബു വട്ടക്കാവില്‍ അറിയിച്ചു. എറണാകുളം, ഇടുക്കി ജില്ലകള്‍ വിഭജിച്ച് മൂവാറ്റുപുഴ ജില്ല രൂപവത്കരിക്കാനുള്ള നീക്കം നേരത്തേ നടന്നിരുന്നു. എന്നാല്‍, രാഷ്ട്രീയ തീരുമാനത്തിലേക്ക് എത്തിയില്ല. ഇപ്പോള്‍ മൂവാറ്റുപുഴ, കോതമംഗലം, ദേവികുളം താലൂക്കുകള്‍ ചേര്‍ത്ത് മൂവാറ്റുപുഴ ജില്ല രൂപവത്കരിക്കാനാണ് ശ്രമം. ഇടുക്കി ജില്ലയുടെ ഭാഗമായ തൊടുപുഴ താലൂക്കിനെ ഒഴിവാക്കിയേക്കും. തൊടുപുഴ മേഖലയിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ എതിര്‍പ്പ് കണക്കിലെടുത്താണ് ഈ നയമാറ്റം. അതേസമയം, തൊടുപുഴ താലൂക്കിലെ ജനങ്ങള്‍ക്ക് മൂവാറ്റുപുഴ ജില്ലയോട് ചേരുന്നതിലാണ് താല്‍പര്യമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.