ഗ്രാമീണ റോഡുകളുടെ നിര്‍മാണം: അതിര്‍ത്തിപ്രദേശത്തെയും കാര്‍ഷിക മേഖലയെയും അവഗണിക്കുന്നു

അടിമാലി: പൊതുമരാമത്ത് ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തില്‍ അതിര്‍ത്തി പ്രദേശത്തെയും കാര്‍ഷിക മേഖലയെയും അവഗണിക്കുന്നതായി പരാതി. ജില്ലയുടെ ഇതര പ്രദേശങ്ങളില്‍ കാര്യമായ ജനവാസമില്ലാത്ത പ്രദേശങ്ങളിലെ റോഡുകളുടെ നിര്‍മാണത്തിന് കോടികള്‍ അനുവദിക്കുമ്പോള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അടിമാലി, വെള്ളത്തൂവല്‍, കൊന്നത്തടി, രാജാക്കാട്, വാത്തിക്കുടി, മറയൂര്‍, മൂന്നാര്‍, നെടുങ്കണ്ടം, കഞ്ഞിക്കുഴി, സേനാപതി, ചിന്നക്കനാല്‍ പഞ്ചായത്തുകളെ അധികൃതര്‍ അവഗണിക്കുകയാണ്. റോഡ് നിര്‍മാണത്തിന് മുന്‍ഗണന നല്‍കുന്നതില്‍ ബന്ധപ്പെട്ട മരാമത്ത് ഉദ്യോഗസ്ഥരും ഈ പ്രദേശത്തെ അവഗണിക്കുകയാണ്. നാട്ടിലെ പ്രധാന റോഡുകള്‍ ഏതെന്നുപോലും ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. തകര്‍ന്നുകിടക്കുന്ന റോഡുകളുടെ കണക്കുമില്ല. രാഷ്ട്രീയ താല്‍പര്യങ്ങളും കരാറുകാരുടെ താല്‍പര്യങ്ങളും മാത്രം കണക്കിലെടുത്താണ് റോഡുവികസനം നടക്കുന്നതെന്ന ആരോപണം നേരത്തേയുണ്ട്. രണ്ടുവര്‍ഷത്തിലേറെയായി തകര്‍ന്നുകിടക്കുന്ന കല്ലാര്‍കുട്ടി- വെള്ളത്തൂവല്‍ റോഡ് നന്നാക്കുന്നതിന് ഒരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. വിനോദസഞ്ചാര കേന്ദ്രമായ ആനച്ചാല്‍, ചിത്തിരപുരം, ചിന്നക്കനാല്‍, ബൈസണ്‍വാലി പഞ്ചായത്തുകളിലും കിലോമീറ്ററുകളാണ് റോഡ് തകര്‍ന്നുകിടക്കുന്നത്. ആനച്ചാല്‍- വെള്ളത്തൂവല്‍ റോഡ്, ആനച്ചാല്‍ -ഇരുട്ടുകാനം റോഡ്, അടിമാലി -കല്ലാര്‍കുട്ടി റോഡ്, കല്ലാര്‍കുട്ടി-പനംകുട്ടി റോഡ്, വെള്ളത്തൂവല്‍ -കൊന്നത്തടി, മൈലാടുംപാറ- പണിക്കന്‍കുടി റോഡ്, പണിക്കന്‍കുടി- നെടുങ്കണ്ടം റോഡ്, മുരിക്കാശ്ശേരി- കമ്പളികണ്ടം റോഡ് തുടങ്ങിയവയൊക്കെ തകര്‍ന്നുകിടക്കുന്നവയാണ്. കൂടാതെ നിസ്സാര കാര്യങ്ങളുടെ പേരില്‍ നിര്‍മാണം മുടങ്ങിയ നിരവധി പാതകളും നാട്ടിലുണ്ട്. അടിയന്തരമായി ഗതാഗത യോഗ്യമാക്കുന്നതിന് ഫണ്ട് വകയിരുത്തിയ പാതകളും കുളമായി കിടക്കുന്നു. എം.എല്‍.എ ഫണ്ടില്‍ ഒറ്റത്തവണ നിര്‍മാണപദ്ധതിയില്‍ തുകയനുവദിച്ച പാതകളുടെ പണി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടക്കുമോയെന്ന് സംശയം. മഴയും സാമഗ്രികളുടെ ക്ഷാമവുമെല്ലാം പറഞ്ഞാണ് പണികള്‍ നീളുന്നത്. അതേസമയം, ടെന്‍ഡര്‍ നടപടി വൈകിയതാണ് പല പണികളും വൈകാനിടയായതെന്ന് കരാറുകാര്‍ പറയുന്നു. ചെറിയ റോഡുകളെല്ലം കൂട്ടിക്കെട്ടി വലിയ പദ്ധതിയായി ഇ-ടെന്‍ഡര്‍ വെച്ചതിനാല്‍ ചെറുകിട കരാറുകാര്‍ക്ക് പണി ഏറ്റെടുത്ത് നടത്താനാകുന്നില്ളെന്ന് പരാതിയുണ്ട്. ഇ-ടെന്‍ഡര്‍ നടപ്പായതോടെ നല്ല റോഡുകള്‍ മാത്രമാണ് കരാറുകാര്‍ നോക്കിയെടുക്കുന്നതെന്നും ബാക്കി റോഡുകള്‍ പലവട്ടം ടെന്‍ഡര്‍ വെക്കേണ്ടിവരുന്നതിനാല്‍ കാലതാമസത്തിനിടയാകുന്നുവെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. പൊതു ടെന്‍ഡര്‍ നടത്തിയാല്‍ കരാറുകാര്‍ എല്ലാ റോഡുകളും വീതിച്ചെടുത്തെങ്കിലും പണികള്‍ തീര്‍ക്കുന്നതാണ് പതിവ്. മാര്‍ച്ച് അവസാനത്തോടെ ടെന്‍ഡര്‍ പൂര്‍ത്തീകരിച്ചാല്‍ പണിയാരംഭിക്കുമ്പോള്‍ മഴയാകും. പിന്നെ അത് മുടങ്ങുന്നു. അടുത്തവര്‍ഷം തുക പോരാതെ പണിമുടങ്ങുന്ന സാഹചര്യവുമുണ്ടാകുന്നു. വന്‍കിട കരാറുകാര്‍ക്ക് പണിയുണ്ടാക്കാനാണ് റോഡുകള്‍ ഒറ്റ ടെന്‍ഡറാക്കുന്നതെന്ന് സി ക്ളാസ് കരാറുകാര്‍ പറയുന്നു. ഒരുകോടി രൂപ വരുന്ന പ്രവൃത്തി ബി ക്ളാസ് കരാറുകാരാണ് നടത്തേണ്ടത്. സി ക്ളാസ് കരാറുകാര്‍ക്ക് 40 ലക്ഷം രൂപയില്‍ താഴെയുള്ള പ്രവൃത്തികള്‍ നടത്താനേ പാടുള്ളൂ. വന്‍കിട കരാറുകാര്‍ ഏറ്റെടുത്ത് ലാഭമെടുത്ത് ചെറുകിടക്കാര്‍ക്ക് പണികള്‍ മറിച്ചുനല്‍കുന്ന ഏര്‍പ്പാടുമുണ്ട്. മാര്‍ച്ചോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പിന്നെ അക്കാരണത്താല്‍ പ്രവൃത്തികള്‍ മുടങ്ങും. ചില ഓഫിസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ളെന്ന കാരണം പറഞ്ഞാണ് പല പണിയും മുടങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.