മുനിസിപ്പല്‍ കൗണ്‍സിലറെ വസ്ത്രമുരിഞ്ഞ് മര്‍ദിച്ചതായി പരാതി തൊടുപുഴ: മുനിസിപ്പല്‍ കൗണ്‍സിലറെ വസ്ത്രമുരിഞ്ഞ് മര്‍ദിച്ചതായി പരാതി.

തൊടുപുഴ നഗരസഭ 16ാം വാര്‍ഡ് കൗണ്‍സിലറും പട്ടികജാതി സംവരണ വാര്‍ഡില്‍നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി വിജയിക്കുകയും ചെയ്ത ടി.കെ. അനില്‍കുമാറിനെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നത്. ഇതുസംബന്ധിച്ച് തൊടുപുഴ പൊലീസ് അന്വേഷണമാരംഭിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ 16ാം വാര്‍ഡ് സഭ ചേരുന്നതിനിടെയാണ് സംഭവം. പി.എം.എ.വൈ (പ്രൈം മിനിസ്റ്റേഴ്സ് ആവാസ് യോജന) പദ്ധതി പ്രകാരമുള്ള ഭവനവായ്പ പദ്ധതിയുടെ സാധുത ലിസ്റ്റ് ചോദിച്ച് അഞ്ചുപേര്‍ എത്തുകയും എന്നാല്‍, ഒറിജിനല്‍ ലിസ്റ്റ് മാത്രം കൈയിലുള്ളതിനാല്‍ അടുത്ത ദിവസമേ നല്‍കാന്‍ കഴിയൂ എന്ന് സുനില്‍കുമാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ ഇവരിലൊരാള്‍ മുണ്ട് പറിച്ചെടുത്ത് തന്നെ മര്‍ദിച്ചതായും സുനില്‍കുമാര്‍ പറഞ്ഞു. ഈസമയം വാര്‍ഡ് സഭക്കത്തെിയ സ്ത്രീകള്‍ തങ്ങളുടെ ഷാളുകള്‍ കൗണ്‍സിലര്‍ക്ക് നല്‍കുകയായിരുന്നു. വാര്‍ഡ് സഭയില്‍ എത്തിയ മുന്‍ ചെയര്‍മാന്‍ എ.എം. ഹാരിദിന് നേരെയും കൈയേറ്റം ഉണ്ടായതായി ഹാരിദ് ആരോപിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി തൊടുപുഴ പൊലീസ് അറിയിച്ചു. എന്നാല്‍, വാര്‍ഡ് സഭയില്‍ തൊഴില്‍ പരിശീലനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യുന്നതിനിടെ തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും ഒരു തരത്തിലുള്ള സംഘര്‍ഷവും ഉണ്ടായിട്ടില്ളെന്നും ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.