പുതുവര്‍ഷത്തില്‍ പ്രതീക്ഷയോടെ പീരുമേട് ടീ കമ്പനി തൊഴിലാളികള്‍

കട്ടപ്പന: കഴിഞ്ഞമൂന്നുമാസമായി കുടിശ്ശിക ശമ്പളം കിട്ടാതെ വിഷമിക്കുന്ന പീരുമേട് ടീ കമ്പനി തൊഴിലാളികള്‍ പുതുവര്‍ഷം പ്രതീക്ഷയോടെയാണ് പണിക്കിറങ്ങുന്നത്. തോട്ടം തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായിയെങ്കിലും പീരുമേട് ടീ കമ്പനി അവരുടെ തൊഴിലാളികള്‍ക്ക് പഴയ നിരക്കിലുള്ള ശമ്പളമാണ് ഇപ്പോഴും നല്‍കുന്നത്. പുതുവര്‍ഷം ഇതിനുമാറ്റമുണ്ടാകുമെന്നും കുടിശ്ശിക ശമ്പളം, ബോണസ്, വര്‍ധിച്ച ശമ്പളം എന്നിവയിലൊക്കെ അനുഭാവപൂര്‍വമായ സമീപനം, തോട്ടം പാട്ടത്തിനെടുത്ത മാനേജ്മെന്‍റിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്. 2000ല്‍ ഉടമ തോട്ടം ഉപേക്ഷിച്ചുപോയശേഷം ദുരിതത്തിലായ തൊഴിലാളികള്‍ പട്ടിണിയും ദാരിദ്രവും മൂലം ആത്മഹത്യയുടെ വക്കിലത്തെിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് പീരുമേട് ടീ കമ്പനി തുറക്കുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചകളില്‍ തൊഴിലാളികളുടെ കുടിശ്ശിക ശമ്പളം, ബോണസ്, പ്രോവിഡന്‍റ് ഫണ്ട് തുടങ്ങിയ കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഈ ഉറപ്പുകളൊന്നും പാലിക്കാന്‍ പാട്ടക്കാരന്‍ തയാറായില്ല. തോട്ടം തുറക്കുന്നതിന് മാനേജ്മെന്‍റും തൊഴിലാളി യൂനിയനുകളും ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകളൊന്നും മാനേജ്മെന്‍റ് പാലിച്ചില്ല. തന്നെയുമല്ല തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന ശമ്പളവും കൃത്യമായി നല്‍കാതായി. പ്രതിദിനം 50 രൂപ ചെലവ് കാശ് എന്ന പേരില്‍ ആഴ്ചയില്‍ 300 രൂപ മാത്രമാണ് നല്‍കി വന്നിരുന്നത്. അവശേഷിച്ച ശമ്പള കുടിശ്ശിക നല്‍കാതെ തൊഴിലാളികളെ ദ്രോഹിക്കുന്ന സമീപനമാണ് മാനേജ്മെന്‍റ് പുലര്‍ത്തുന്നത്. ശമ്പളം യഥാവിധി നല്‍കാതെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുമ്പോള്‍ അവര്‍ക്ക് ജോലിഭാരവും നുള്ളുന്ന കൊളുന്തിന്‍െറ തൂക്കവും കൂട്ടാനാണ് മാനേജ്മെന്‍റ് പദ്ധതിയിടുന്നത്. പുതുവര്‍ഷത്തില്‍ ഇതിനൊക്കെ മാറ്റമുണ്ടാകുമെന്ന ശുഭ പ്രതീക്ഷയോടെയാണ് തൊഴിലാളികള്‍ പണിക്കിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.