തൊഴിലുറപ്പ് പദ്ധതിയുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കും – എം.പി

തൊടുപുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി അഡ്വ. ജോയ്സ് ജോര്‍ജ് എം.പി പറഞ്ഞു. കലക്ടറേറ്റില്‍ നടന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലേബര്‍ ബജറ്റ് കഴിഞ്ഞുവെന്ന കാരണത്താല്‍ ജനങ്ങള്‍ക്ക് അവകാശപ്പെട്ട തൊഴിലവസരങ്ങള്‍ നിഷേധിക്കില്ല. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനും തൊഴിലുറപ്പ് വേതന പ്രശ്നങ്ങള്‍ കാലതാമസം കൂടാതെ പരിഹരിക്കുന്നതിന് സാങ്കേതികമായി നില്‍ക്കുന്ന തടസ്സം പരിഹരിക്കുന്നതിനും നടപടി വേഗത്തിലാക്കും. ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍ക്ക് ലഭിക്കാനുള്ള തുക നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെ ഭൂപ്രകൃതി അനുസരിച്ച് ഓരോ പഞ്ചായത്തിനും ആവശ്യമായ കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ഇതിനായി പഞ്ചായത്തുതലത്തില്‍ തയാറാക്കുന്ന രൂപരേഖ പഞ്ചായത്ത് കമ്മിറ്റികള്‍ പാസാക്കി ബ്ളോക്കില്‍ സമര്‍പ്പിക്കണം. ജില്ലയുടെ കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണത്തോടൊപ്പം ദീര്‍ഘകാല വികസന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് എം.പി പറഞ്ഞു. പി.എം.ജി.വൈ.എസ് റോഡുകളുടെ ഗാരന്‍റി കാലാവധി അവസാനിപ്പിക്കുന്നതിന് മുമ്പ് റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്നും എം.പി ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ ഓഡിറ്റിങ് നടത്തുന്നത് കാര്യക്ഷമമാകണം. പദ്ധതികളുടെ നടത്തിപ്പ് ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന രീതിയില്‍ നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശ്രമിക്കണമെന്ന് കലക്ടര്‍ ഡോ. എ. കൗശിഗന്‍ പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ ബ്ളോക് ഗ്രാമപഞ്ചായത്തുകള്‍ നേരിടുന്ന ബുദ്ധിമുട്ടും പ്രശ്നങ്ങളും ജനപ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.