ക്ഷേമപദ്ധതികള്‍ ആദിവാസികള്‍ക്ക്; ഗുണഭോക്താക്കള്‍ കരാറുകാരും ഉദ്യോഗസ്ഥരും

അടിമാലി: ആദിവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ കോടികള്‍ ചെലവാക്കുമ്പോഴും ആദിവാസികള്‍ ദുരിതത്തില്‍. ദേവികുളം, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ ആദിവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വീട്, റോഡ്, വൈദ്യുതി, ഭൂമി, തൊഴില്‍, ഭക്ഷണം, കുടിവെള്ളം തുടങ്ങിയ വിഷയങ്ങളില്‍ 50 കോടിയിലേറെ മുടക്കിയിട്ടും ഇവയൊന്നും പ്രയോജനപ്പെട്ടിട്ടില്ല. ഭക്ഷ്യക്ഷാമം നേരിടുന്ന ജില്ലയിലെ അവികസിത ആദിവാസി കേന്ദ്രമായ ഇടമലക്കുടിയില്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന അരിയുടെ ചുമട്ടുകൂലി സബ്സിഡിപോലും ഇപ്പോള്‍ കൃത്യമായി ലഭിക്കുന്നില്ല. സൗജന്യ നിരക്കില്‍ ലഭിക്കുന്ന അരി ഇടമലക്കുടിയില്‍ എത്തിക്കണമെങ്കില്‍ ചുമട്ടുകൂലി ഇനത്തില്‍ തന്നെ പത്തുരൂപയിലേറെ കിലോക്ക് നല്‍കണം. അതുപോലെ കുറത്തിക്കുടി, വേലിയാംപാറ, വെങ്കായപ്പാറ, മീന്‍കുത്തി, പെട്ടിമുടി, ഞാവല്‍പ്പാറക്കുടി, ചിന്നപ്പാറ, തലയൂരപ്പന്‍കുടി, ചൊക്രാമുടി, ചിന്നക്കനാല്‍ എന്നിവിടങ്ങളില്‍ ആദിവാസികള്‍ക്കായി അനുവദിച്ച നിരവധി ഭവനങ്ങളാണ് നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്നത്. പലതും നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. അടിമാലി, പള്ളിവാസല്‍, മാങ്കുളം പഞ്ചായത്തുകളില്‍ രണ്ടും മൂന്നും വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ മേല്‍ക്കൂരയില്ലാതെ വെയിലും മഴയും കൊണ്ട് ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. ആദിവാസികളുടെ പേരില്‍ പുറമെനിന്നുള്ള കരാറുകാര്‍ പണി എറ്റെടുക്കും. തുടര്‍ന്ന് ആദിവാസികളെ പറ്റിച്ച് കരാറുകാര്‍ മുങ്ങുന്നതോടെ ഇവര്‍ പെരുവഴിയിലാകും. ഇതിന്‍െറ ദുരന്തം അനുഭവിക്കുന്നത് അടിമാലി ബ്ളോക്കിന് കീഴിലെ വെങ്കായപ്പാറയിലെ ആദിവാസികളാണ്. 28 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവര്‍ക്ക് 2012ല്‍ വീടനുവദിച്ചു. പ്രമുഖ നേതാവിന്‍െറ ബന്ധുവാണ് കരാര്‍ എടുത്തത്. ഇയാള്‍ പണം മുഴുവനായി വാങ്ങിയെങ്കിലും തറ നിര്‍മിച്ചശേഷം മുങ്ങി. കെട്ടിടം നിര്‍മിക്കാത്തതിനാല്‍ റവന്യൂ റിക്കവറിയുമായി അധികൃതരത്തെി. ഇതോടെ ആദിവാസികള്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, ഇവരെ വിരട്ടി പറഞ്ഞയച്ചതോടെ ജപ്തി ഭീഷണിയിലാണ് ഇവിടത്തെ ആദിവാസികള്‍. കുറത്തിക്കുടിയില്‍ ഗുണമേന്മയില്ലാത്ത ഇഷ്ടികകളും ആവശ്യത്തിന് സിമന്‍റും മണലും ചേര്‍ക്കാതെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.