കാട്ടാനയില്‍നിന്ന് രക്ഷപ്പെടാന്‍ ഓടിയ അമേരിക്കന്‍ ടൂറിസ്റ്റിന് പരിക്ക്

രാജാക്കാട്: ആനയിറങ്കലില്‍ ചിത്രമെടുക്കുന്നതിനിടെ അക്രമിക്കാനത്തെിയ കാട്ടാനയില്‍നിന്ന് രക്ഷപ്പെടാന്‍ ഓടിയ അമേരിക്കന്‍ ടൂറിസ്റ്റിന് വീണ് പരിക്കേറ്റു. തോമസ് റൊഡ്രിഗൂസിനാണ് കുഴിയില്‍വീണ് കൈക്ക് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം. മൂന്നാറില്‍നിന്ന് രണ്ടു സുഹൃത്തുക്കള്‍ക്കും ഗൈഡിനുമൊപ്പം എത്തിയ സംഘം ആനയിറങ്കല്‍ തടാകത്തിലെ ബോട്ടിങ് ആസ്വദിച്ചശേഷം അണക്കെട്ടിന് സമീപമത്തെി. തുടര്‍ന്ന് ഉള്‍പ്രദേശങ്ങള്‍ കാണാനായി കോഴിപ്പനക്കുടിക്കുള്ള റോഡിലൂടെ പതിനൊന്ന് ഭാഗത്തേക്ക് നടന്നുനീങ്ങി. ഉള്‍ഭാഗത്ത് കാട്ടാനയുണ്ടെന്നും പോകരുതെന്നും വാച്ചര്‍മാരും തേയിലത്തോട്ടം തൊഴിലാളികളും വിലക്കിയെങ്കിലും വകവെക്കാതെ റോഡിലൂടെ മുന്നോട്ടുപോയി ആനകള്‍ നില്‍ക്കുന്നിടംവരെ എത്തി. തുടര്‍ന്ന് ചിത്രങ്ങളെടുക്കാനാരംഭിച്ചു. ഈസമയം അക്രമാസക്തരായിനിന്ന ആനകളില്‍ ഒന്ന് ഇവര്‍ക്കുനേരെ പാഞ്ഞടുത്തു. രക്ഷപ്പെടുന്നതിനായി എല്ലാവരും തിരിഞ്ഞോടുന്നതിനിടെ ഇയാള്‍ കാലിടറി വീഴുകയായിരുന്നു. ആന ഏറെ ദൂരം പിന്തുടരാതിരുന്നതിനാല്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. പെരിയകനാലില്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കൈക്ക് പൊട്ടലുള്ള വിവരം അറിയുന്നത്. ഇതിനത്തെുടര്‍ന്ന് സംഘം സന്ദര്‍ശനം അവസാനിപ്പിച്ച് മൂന്നാറിലേക്ക് മടങ്ങി. മുതുവാക്കുടിയായ കോഴിപ്പനക്കുടിക്ക് സമീപത്തെ തേയിലത്തോട്ടത്തില്‍ ആനക്കൂട്ടം കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായിരുന്നു. ഇതിനത്തെുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം മുടങ്ങിയിരിക്കുകയാണ്. സമീപത്തായി ധാരാളം ഭക്ഷണവും വെള്ളവും ഉള്ളതിനാലാണ് ആനകള്‍ പ്രദേശത്ത് തങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.