കലക്ടറുടെ ഉറപ്പ് വെറും വാക്കായി; ശാന്തന്‍പാറയില്‍ കാട്ടാന ശല്യം തുടരുന്നു

രാജാക്കാട് : ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ പൂപ്പാറ, മൂലത്തറ ഭാഗങ്ങളിലെ കാട്ടാന ശല്യം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ കലക്ടര്‍ നല്‍കിയ ഉറപ്പ് വെറും വാക്കായി. മതികെട്ടാന്‍ വനമേഖലയോട് ചേര്‍ന്നു കിടക്കുന്നതും കൊച്ചി-ധനുഷ്കോടി ദേശീയ പാത കടന്നു പോകുന്നതുമായ പൂപ്പാറ, മൂലത്തറ, ആനയിറങ്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും വ്യാപക നാശമാണ് ദശകങ്ങളായി കാട്ടാനകള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം 40ലധികം പേര്‍ ഇവിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണ പരമ്പരയിലെ അവസാനത്തെ ഇരയായിരുന്നു ജനുവരി 24ന് രാത്രി മൂലത്തറയില്‍ ദേശീയപാതയില്‍ കാട്ടാന ചവിട്ടിയരച്ച പാലക്കാട് സ്വദേശി ഹനീഫ (67). കാട്ടാനശല്യം തടയുന്നതില്‍ അധികൃതര്‍ വരുത്തുന്ന വീഴ്ചയില്‍ പ്രകോപിതരായ നാട്ടുകാര്‍ സംഭവത്തത്തെുടര്‍ന്ന് 25ന് രാവിലെ മുതല്‍ അഞ്ചു മണിക്കൂറോളം ദേശീയപാത ഉപരോധിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും എം.എല്‍.എയും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സബ്കലക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും നേരിട്ടത്തെി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജനുവരി 30ന് കലക്ടറുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നും പരിഹാര നടപടി സ്വീകരിക്കാമെന്നും സബ്കലക്ടര്‍ സബിന്‍ സമീദ് ഉറപ്പ് നല്‍കിയതിനു ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞത്. തുടര്‍ന്ന് വികസന സമിതി ചെയര്‍മാനും കലക്ടറുമായ ഡോ. എ. കൗശിഗന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗവും ചേര്‍ന്നു. എം.എല്‍.എമാരായ എസ്. രാജേന്ദ്രന്‍, കെ.കെ. ജയചന്ദ്രന്‍, ഇ.എസ്. ബിജിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ് എന്നിവര്‍ക്ക് പുറമെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. കൊമ്പനും പിടിയും കുഞ്ഞുങ്ങളും അടക്കം ആറോളം ആനകള്‍ മൂലത്തറയിലും ദേശീയ പാതയോരത്തുമായി ഇപ്പോഴും ചുറ്റിത്തിരിയുന്നുണ്ട്. വാഹനങ്ങളും യാത്രക്കാരും ഭീതിയോടെയാണ് ഇതുവഴി കടന്നു പോകുന്നത്. പലരും ഇതുവഴിയുള്ള രാത്രി യാത്ര ഒഴിവാക്കി രാജാക്കാട്, കുഞ്ചിത്തണ്ണി, ഇരുട്ടുകാനം വഴി 10 കിലോമീറ്ററോളം ദൂരം കൂടുതലായി ചുറ്റിയാണ് പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.