രോഗികളെയും കൊണ്ട് ഇവിടേക്ക് വരണ്ട!

അടിമാലി: ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റി. സൂപ്രണ്ട് ഉള്‍പ്പെടെ അഞ്ച് ഡോക്ടര്‍മാരുടെ കുറവാണ് അടിമാലി താലൂക്ക് ആശുപത്രിക്കുള്ളത്. ജനറല്‍ സര്‍ജന്‍ ഒന്ന്, ഫിസിഷ്യന്‍ രണ്ട്, കണ്ണ് രോഗ വിദഗ്ധന്‍ ഒന്ന്, ഗൈനക്കോളജിസ്റ്റ് ഒന്ന് എന്നിങ്ങനെയാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ഒഴിവുള്ളത്. ഇവരെ കൂടാതെ എന്‍.ആര്‍.എച്ച്.എം, വര്‍ക്കിങ് അറേജ്മെന്‍റ്, എന്‍.സി.ഡി പദ്ധതികള്‍ പ്രകാരം മൂന്നു ഡോക്ടര്‍മാരുടെ സേവനവും ലഭിച്ചിരുന്നു. ഇവരും പിരിച്ചുവിടപ്പെട്ടതോടെ ഇവിടെ രോഗികള്‍ വലയുകയാണ്. ഡോക്ടര്‍മാരുടെ എണ്ണം കുറഞ്ഞതോടെ 12 മണിക്കൂര്‍ ഒ.പിയും ഇവിടെ നിര്‍ത്തലാക്കി. ഇപ്പോള്‍ രാവിലെ ഒമ്പത് മുതല്‍ 12 വരെയാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ ഡ്യൂട്ടി ഡോക്ടറെ രോഗികളുടെ ബന്ധുക്കള്‍ വീട്ടില്‍പോയി വിളിച്ചുകൊണ്ടുവരേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. ശരാശരി 800നും ആയിരത്തിനും ഇടയില്‍ രോഗികളാണ് ഒ.പിയില്‍ ഇവിടെ എത്തുന്നത്. രോഗികള്‍ സ്വകാര്യ ആശുപത്രികളിലോ, വന്‍തുക നല്‍കി ഡോക്ടര്‍മാരുടെ വീടുകളിലോ എത്തി മരുന്നുവാങ്ങേണ്ട സ്ഥിതിയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്നത് അടിമാലി താലൂക്ക് ആശുപത്രിയിലാണ്. ഇവിടെ വനിത ഗൈനക്കോളജിസ്റ്റ് ഇല്ല. ഈ വിഭാഗത്തില്‍ ഒരു ഡോക്ടറുടെ ഒഴിവുണ്ട്. വര്‍ക്കിങ് അറേഞ്ചില്‍ ഒരു ഡോക്ടര്‍ ഉണ്ടെങ്കിലും ജില്ലാ ആശുപത്രിയില്‍ ഈ ഡോക്ടറുടെ കുറവ് നികത്താന്‍ അധികൃതര്‍ക്ക് സാധിക്കുന്നുമില്ല. രണ്ട് ഫിസിഷ്യന്മാരുടെയും ജനറല്‍ സര്‍ജന്‍െറ കുറവും രോഗികളെ കുറച്ചൊന്നുമല്ല വലക്കുന്നത്. ഇതിന് പുറമെ കണ്ണുരോഗ വിഭാഗത്തിലെ ഡോക്ടറുടെ കുറവുകൂടിയാകുമ്പോള്‍ ജനങ്ങള്‍ ഈ ആശുപത്രിയെ അവഗണിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. 2013 ചീയപ്പാറ മലയിടിച്ചല്‍ ദുരന്തം ഉണ്ടായപ്പോള്‍ ദുരിത ബാധിതരെ കാണുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രിയില്‍ എത്തിയിരുന്നു. ഈ സമയം 12 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 24 ജീവനക്കാരെ അധികമായി നിയമിക്കുമെന്നും ആശുപത്രി വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം കെട്ടിടം പണി തുടങ്ങിയതല്ലാതെ ജീവനക്കാരെ നിയമിച്ചിട്ടില്ല. ദേവികുളം താലൂക്കിലെ മുഴുവന്‍ ജനങ്ങളും ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ ജനങ്ങളും ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. അധികൃതര്‍ എത്രയുംവേഗം ഇടപെട്ട് ഈ ആശുപത്രിയുടെ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.