ഓര്‍മയായത് തൊടുപുഴയുടെ രാഷ്ട്രീയ ചരിത്ര സൂക്ഷിപ്പുകാരന്‍

തൊടുപുഴ: തന്‍െറ നിലപാട് അധികാരികളെ അറിയിക്കാന്‍ സ്വന്തമായി പത്രം ഇറക്കിയ പോരാളിയായിരുന്നു ചൊവ്വാഴ്ച വിട പറഞ്ഞ കിഴക്കനാട്ട് ബാലന്‍പിള്ള എന്ന മിന്നല്‍ ബാലന്‍പിള്ള. സ്വന്തം പത്രത്തിന് നല്‍കിയ പേരാകട്ടെ മിന്നല്‍ എന്നും. തൊടുപുഴക്കാര്‍ പിന്നീട് ബാലന്‍പിള്ളയെ വിളിച്ചതും പേരിനു മുന്നില്‍ മിന്നല്‍ ചേര്‍ത്താണ്. പതിറ്റാണ്ടുകളായി തൊടുപുഴയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ബാലന്‍പിള്ള. വാര്‍ധക്യ സഹജമായ അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹം മാസങ്ങളായി മൈലക്കൊമ്പിലുള്ള ദിവ്യരക്ഷാലയത്തിലായിരുന്നു താമസം. അവിടെ വെച്ചായിരുന്നു അന്ത്യവും. 1954 മുതല്‍ പത്രരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. ആദ്യ കാലത്ത് ആര്‍.എസ്.പിയിലും പിന്നീട് കേരള കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു. പിന്നീട് സ്വതന്ത്ര രാഷ്ട്രീയ നിലപാടുകളുമായി നിലകൊണ്ടു. നാലു പ്രാവശ്യം ലോക്സഭയിലേക്കും രണ്ടു പ്രാവശ്യം നിയമസഭയിലേക്കും ഒരു തവണ ജില്ലാ പഞ്ചായത്തിലേക്കും രണ്ടു തവണ തൊടുപുഴ നഗരസഭയിലേക്കും സ്വതന്ത്രനായി മത്സരിച്ചു. 1970 മുതല്‍ ’76 വരെ തൊടുപുഴ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു. ഇടുക്കി ജില്ല രൂപവത്കരണത്തിനായി നേതൃപരമായ പങ്ക് വഹിച്ചു. 1963ല്‍ പ്രസിദ്ധീകരണം ആരംഭിച്ച മിന്നല്‍ സെമി വീക്ക്ലിയുടെ മാനേജിങ് എഡിറ്ററായിരുന്നു. 1954 മുതല്‍ ആര്‍.എസ്.പിയില്‍ പ്രവര്‍ത്തിച്ച ബാലന്‍പിള്ള 1977ലാണ് ആദ്യ അങ്കത്തിനിറങ്ങിയത്. അന്ന് ഇടുക്കി പാര്‍ലമെന്‍റിലേക്കാണ് മത്സരിച്ചത്. 1980ല്‍ തൊടുപുഴ നിയമസഭാ സീറ്റിലും 1986ല്‍ ഇടുക്കി ലോക്സഭാ സീറ്റിലും 1991ല്‍ മൂവാറ്റുപുഴ ലോക്സഭാ സീറ്റിലും 1996ല്‍ ഇടുക്കി ലോക്സഭാ സീറ്റിലും മത്സരിച്ചിരുന്നു. തീവണ്ടി ചിഹ്നത്തിലായിരുന്നു ബാലന്‍പിള്ളയുടെ മത്സരം. റെയില്‍വേയുടെ കാര്യത്തില്‍ കേന്ദ്രം എന്നും കേരളത്തെ അവഗണിക്കുന്നു എന്നതായിരുന്നു ചിഹ്നം തെരഞ്ഞെടുക്കാന്‍ കാരണം. ഒരിക്കല്‍ ചിക്കമംഗളൂരുവില്‍ ഇന്ദിര ഗാന്ധിക്കെതിരെ മത്സരിക്കാനും ശ്രമിച്ചിരുന്നു. ചിക്കമംഗളൂരുവിലത്തെിയെങ്കിലും നാമനിര്‍ദേശം നല്‍കുന്നതിലുണ്ടായ ചില സാങ്കേതിക തടസ്സം മൂലം മടങ്ങിപ്പോരുകയായിരുന്നു. തന്‍െറ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് ബാലന്‍പിള്ള പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബന്ധുക്കള്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിലേക്ക് കുടിയേറിയെങ്കിലും ബാലന്‍പിള്ള തൊടുപുഴയെ പിരിയാന്‍ തയാറായില്ല. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ട ബാലന്‍പിള്ള അനാരോഗ്യം വകവെക്കാതെയും തൊടുപുഴ ടൗണിലുണ്ടായിരുന്നു. അവിവാഹിതനായ അദ്ദേഹത്തിന്‍െറ താമസം ലോഡ്ജുകളിലായിരുന്നു. ഏതാനും നാള്‍ മുമ്പ് റോഡ് വക്കില്‍ വീണതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നാണ് മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിലത്തെിയത്. സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നം യാഥാര്‍ഥ്യമാകാതെയാണ് ബാലന്‍പിള്ള യാത്രയാകുന്നത്. വില്ളേജ് ഓഫിസര്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നിരവധി നിവേദനങ്ങളും നല്‍കിയിരുന്നു. ഒടുവില്‍ വാര്‍ധക്യത്തിലത്തെിയ ഇദ്ദേഹത്തിന് അറക്കുളം ഗ്രാമപഞ്ചായത്തിലെ ഇലപ്പള്ളി വില്ളേജില്‍ ഒരു കുന്നിന്‍ പ്രദേശത്ത് മൂന്നു സെന്‍റ് ഭൂമി അനുവദിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളാല്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമി പോലും കാണാന്‍ ഭാഗ്യമില്ലാതെയാണ് പഴയ ഈ പോരാളി മടങ്ങിയത്. ബുധനാഴ്ച രാവിലെ 11ന് മുനിസിപ്പല്‍ മൈതാനിയില്‍ പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.