ഈ ‘ശല്യം’ അവസാനിപ്പിച്ചേ പറ്റൂ...

തൊടുപുഴ: സ്കൂളുകള്‍ കേന്ദ്രീകരിച്ചും ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും സാമൂഹിക വിരുദ്ധര്‍ വിളയാടുന്നു. ബാറുകള്‍ അടച്ചതോടെ മദ്യപാനത്തിനുള്ള കേന്ദ്രമായി സ്കൂളുകളെയും പൊതു ഇടങ്ങളെയുമാണ് ഇക്കൂട്ടര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സന്ധ്യയാകുന്നതോടെ മോഷണവും ശീട്ടുകളിയും മദ്യപാനവുമായി ഇവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോഴും നടപടി എടുക്കേണ്ട നിയമപാലകര്‍ മൗനം പാലിക്കുകയാണ്. ഞായറാഴ്ച തൊടുപുഴ നഗരത്തിന് സമീപം കോടിക്കുളം, മണക്കാട് സ്കൂളുകളില്‍ കയറിയ സാമൂഹിക വിരുദ്ധര്‍ വ്യാപക നാശമാണ് ഉണ്ടാക്കിയത്. പ്രധാനാധ്യാപകരുടേതടക്കം മുറികളുടെ വാതിലുകള്‍ ചവിട്ടിപ്പൊളിക്കുകയും സ്കൂളിലെ സാമഗ്രികള്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. സമാന സംഭവങ്ങള്‍ വെങ്ങല്ലൂര്‍ യു.പി സ്കൂള്‍, തൊടുപുഴ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, അടിമാലി ഗവ. സ്കൂള്‍, അടിമാലി പഞ്ചായത്ത് ഓഫിസ്, തൊണ്ടിക്കുഴ ഗവ.യു.പി സ്കൂള്‍ എന്നിവിടങ്ങളിലും സംഭവിച്ചിട്ടുണ്ട്. വെങ്ങല്ലൂര്‍ സ്കൂളിലെ ടോയ്ലറ്റുകളും ജനല്‍ചില്ലുകളുമാണ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്. തൊടുപുഴയില്‍നിന്ന് പൊലീസത്തെി പരിശോധന നടത്തിയെങ്കിലും കുറ്റവാളികളെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. ചുറ്റുമതിലില്ലാത്ത സ്കൂളുകളെയാണ് ഇവര്‍ താവളമായി തെരഞ്ഞെടുക്കുന്നത്. മോഷണങ്ങള്‍ സ്കൂള്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പേരിന് മാത്രം പൊലീസത്തെി പരിശോധന നടത്തി തിരിച്ചുപോകുകയാണെന്നാണ് ആക്ഷേപം. ചുറ്റുമതിലുകളും ഗേറ്റുകളും കൊണ്ട് മാനേജ്മെന്‍റ് സ്കൂളുകള്‍ സുരക്ഷിതമാണ്. സ്വതന്ത്രമായ ഇടം എന്ന നിലയില്‍ സര്‍ക്കാര്‍ സ്കൂളുകളെയാണ് ഇക്കൂട്ടര്‍ പ്രധാനമായും തെരഞ്ഞെടുക്കുന്നത്. ഹയര്‍ സെക്കന്‍ഡറി ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ കമ്പ്യൂട്ടര്‍, പ്രൊജക്ടര്‍ തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. അടുത്തിടെ ചിറ്റൂര്‍ സര്‍ക്കാര്‍ സ്കൂളില്‍ കയറിയ ചിലര്‍ ജനല്‍ചില്ലകള്‍ ഇടിച്ചുതകര്‍ക്കുകയും വാതിലുകളുടെ പൂട്ട് തകര്‍ക്കുകയും ചെയ്തിരുന്നു. പ്രതിയുടേതെന്ന് കരുതുന്ന രക്തത്തുള്ളികളും സ്കൂള്‍ വരാന്തയില്‍ തളം കെട്ടിക്കിടന്നിരുന്നു. ഒരു വര്‍ഷം മുമ്പ് മുരിക്കാശേരി സെന്‍റ് മേരീസ് സ്കൂള്‍, പൂമാല ട്രൈബല്‍ സ്കൂള്‍, അടിമാലി ചിത്തിരപുരം സ്കൂള്‍, മണക്കാട് എന്‍.എസ്.എസ് സ്കൂള്‍, കുമളി അമരാവതി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ മോഷണം നടന്നിരുന്നു. ജില്ലാ പഞ്ചായത്തിന്‍െറ ഫണ്ട് ഉപയോഗിച്ച് ഹയര്‍സെക്കന്‍ഡറിവരെയുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ വാച്ചറെ വെക്കണമെന്ന ആവശ്യവും രക്ഷാകര്‍തൃ മീറ്റിങ്ങുകളില്‍ ഉയരുന്നുണ്ട്. എന്നാല്‍, ഈ ആവശ്യം ചര്‍ച്ചചെയ്യാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. സംരക്ഷണം നല്‍കേണ്ട പൊലീസും പിന്‍വലിഞ്ഞതോടെ കുറ്റവാളികള്‍ക്ക് വിഹരിക്കാനുള്ള സുരക്ഷിത ഇടങ്ങളായി വിദ്യാലയങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കൂടാതെ പിടിക്കപ്പെടുന്നവരെ രാഷ്ട്രീയ സ്വാധീനമനുസരിച്ച് സ്റ്റേഷനുകളില്‍നിന്ന് പുറത്തിറക്കാനും നേതാക്കന്മാരുണ്ട്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം അക്രമങ്ങളില്‍ പ്രതിയാകുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കിയാല്‍ മാത്രമേ സ്കൂളുകളെ സാമൂഹിക വിരുദ്ധരുടെ കൈകളില്‍നിന്ന് രക്ഷിക്കാനാകൂ. ഇതിന് നിയമപാലകരും ജനപ്രതിനിധികളും മുന്‍കൈയെടുക്കണമെന്ന് സ്കൂള്‍ അധികൃതരും രക്ഷാകര്‍ത്താക്കളും ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.