മാങ്കുളത്തിന്‍െറ റോഡ് സ്വപ്നം യാഥാര്‍ഥ്യമായേക്കും

മാങ്കുളം: യഥാസമയം അറ്റകുറ്റപ്പണി നടത്താതെ വാഹനയാത്രപോലും അസാധ്യമായ മാങ്കുളത്തേക്ക് ആധുനിക നിലവാരത്തിലുള്ള റോഡ് എത്താന്‍ സാധ്യത തെളിഞ്ഞു. കല്ലാര്‍ മുതല്‍ മാങ്കുളം പഞ്ചായത്തിന്‍െറ കവാടമായ വിരിപാറ വരെയുള്ള 10 കിലോമീറ്റര്‍ ദൂരം പുതുക്കി നിര്‍മിക്കുന്നതിന് 25കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതിയായി. ഇതിന്‍െറ നിര്‍മാണത്തിനുള്ള തുക ഈ ബജറ്റില്‍ വകയിരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കി. മുന്‍ എം.എല്‍.എ എ.കെ. മണിയുടെ നേതൃത്വത്തിലുള്ള നിവേദന സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 1995ലാണ് കല്ലാറില്‍നിന്ന് മാങ്കുളത്തിനുള്ള റോഡ് എം.എല്‍.എ റോഡായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ പള്ളിവാസല്‍ സെക്ഷന് കീഴിലുള്ള 10 കിലോമീറ്റര്‍ ദൂരം നിരവധിതവണ അറ്റകുറ്റപ്പണി നടത്തിയതാണ്. എന്നിരുന്നാലും കനത്ത മഴയില്‍ യാത്രായോഗ്യമല്ലാതെ വരുന്നത് മൂലം പൊതുജനത്തിന് ഏറെ പരാതിയുണ്ട്. കല്ലാര്‍വാലി, പീച്ചാട്, തളിയം എസ്റ്റേറ്റ് എന്നിവിടങ്ങളിലുള്ള കലുങ്കുകള്‍ ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ്. ഈ റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞയാഴ്ച രണ്ടായിരത്തില്‍പരം ആള്‍ക്കാരാണ് മൂന്നാറിലുള്ള പൊതുമരാമത്ത് വകുപ്പ് ഓഫിസ് ഉപരോധിച്ചത്. സമരം ക്രമസമാധാന നില തകരാറിലാക്കുമെന്ന അവസ്ഥയില്‍ പ്രശ്നത്തിലിടപെട്ട ദേവികുളം ആര്‍.ഡി.ഒ ഫെബ്രുവരി 28ന് മുമ്പ് റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഈ റോഡ് യാഥാര്‍ഥ്യമായാല്‍ മാങ്കുളത്തുകാര്‍ക്ക് പകുതിദൂരം ആധുനിക റോഡാകും. വിരിപാറ മുതല്‍ മാങ്കുളം വരെയുള്ള എട്ടുകിലോമീറ്റര്‍ ദൂരം മൂന്നാര്‍ സെക്ഷന് കീഴിലാണ്. ഇതുകൂടി നിര്‍മിക്കാനായാല്‍ മാങ്കുളത്തുകാരുടെ റോഡിനുവേണ്ടിയുള്ള മുറവിളിക്ക് പരിഹാരമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.