ജയിലിലടച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ സമനില തെറ്റിയ നിലയില്‍

തൊടുപുഴ: പൊലീസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജയില്‍വാസം അനുഭവിക്കേണ്ടിവന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ സമനില തെറ്റിയ നിലയില്‍. കൂലിപ്പണിയും കഴിഞ്ഞ് ഇടവെട്ടിയില്‍ കലുങ്കിന് സമീപമിരുന്ന് ബീഡി വലിച്ച സെയ്ദുല്‍, ബാബു, ബബ്ലു, അക്ബര്‍, ഇനബുല്‍ എന്നിവര്‍ക്കാണ് മര്‍ദനവും ജയില്‍വാസവും അനുഭവിക്കേണ്ടിവന്നത്. ഇവരില്‍ ഒരാളെ പൊലീസ് ഉദ്യോഗസ്ഥന്‍ ലാത്തിക്ക് തല്ലിയപ്പോള്‍ ലക്ഷ്യം തെറ്റി മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍െറ കൈക്ക് അടിയേറ്റ സംഭവം വിവാദമായിരുന്നു. അഞ്ചു തൊഴിലാളികളെയുംകൊണ്ട് പൊലീസ് സംഘം സ്ഥലം വിടുകയായിരുന്നു. പട്രോളിങ്ങിനുപോയ പൊലീസ് സംഘത്തിന്‍െറ ജോലി തടസ്സപ്പെടുത്തിയെന്നും ലാത്തിപിടിച്ചു വാങ്ങി പൊലീസ് ഉദ്യോഗസ്ഥരെ തല്ലിയെന്നും പറഞ്ഞ് കേസെടുക്കുകയായിരുന്നു. അങ്ങനെ നിരപരാധികളായ തൊഴിലാളികള്‍ ജയിലഴികള്‍ക്കുള്ളിലായി. ചില നാട്ടുകാര്‍ ഇവരെ ജാമ്യത്തിലിറക്കി. എന്നാല്‍, പുറത്തിറങ്ങിയ ഇവര്‍ ഇപ്പോള്‍ ജോലിക്ക് പോകാനുള്ള മാനസികാവസ്ഥയിലല്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൊടുപുഴ വിട്ടുപോകരുതെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടുപേര്‍ ഭക്ഷണം കഴിച്ചാല്‍ അപ്പോള്‍ തന്നെ ഛര്‍ദിക്കുന്ന അവസ്ഥയിലാണ്. മറ്റ് രണ്ടുപേര്‍ മനോനില തകര്‍ന്ന നിലയിലും. നാട്ടുകാരും ഇതര സംസ്ഥാനക്കാരുമായവരാണ് താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യമൊരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.