ഇടുക്കിയില്‍ അഞ്ചുകോടിയുടെ ഹോട്ടല്‍ സമുച്ചയം വരുന്നു

ചെറുതോണി: ഇടുക്കിയില്‍ ആര്‍ച്ച് ഡാമിന് സമീപം ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് യാത്രി നിവാസ് മാതൃകയില്‍ ഹോട്ടല്‍ സമുച്ചയം നിര്‍മിക്കുന്നതിന് അഞ്ചുകോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ അറിയിച്ചു. കഴിഞ്ഞയാഴ്ച ചേര്‍ന്ന ടൂറിസം വകുപ്പിന്‍െറ വര്‍ക്കിങ് ഗ്രൂപ്പിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.നൂറുപേര്‍ക്ക് ഒരേ സമയം തങ്ങാവുന്ന വിവിധ തരത്തിലുള്ള റൂമുകളും ഡോര്‍മിറ്ററി സൗകര്യങ്ങളും ഓഡിറ്റോറിയവും ഇതില്‍ ഉള്‍പ്പെടും. ഇടുക്കി റോക്ക് എന്‍ റോവ് പാര്‍ക്കിനോട് ചേര്‍ന്നാണ് ഹോട്ടല്‍ സമുച്ചയം നിര്‍മിക്കുന്നത്. ഇടുക്കി, മൂന്നാര്‍, തേക്കടി മേഖലകളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരു ട്രയാങ്കിള്‍ ടൂറിസം സര്‍ക്യൂട്ട് വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് എം.എല്‍.എ പറഞ്ഞു. ഗ്രാമീണ ടൂറിസം മേഖലകളായ ഹില്‍വ്യൂ പാര്‍ക്ക്, കല്ല്യാണത്തണ്ട്, അഞ്ചുരുളി, ടൂറിസ്റ്റ് പാറ, പാല്‍ക്കുളംമേട് തുടങ്ങിയ പ്രദേശങ്ങളെ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും സര്‍ക്കാറില്‍ അനുമതിക്കായി നല്‍കിയിട്ടുണ്ട്. ഇടുക്കി ജലാശയത്തിലൂടെ എല്ലാ ദിവസവും ബോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തിയതോടെ നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് ദിനംപ്രതി എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്. ഓണം, ക്രിസ്മസ് സീസണുകള്‍ക്കു പുറമെ പൊതു ഒഴിവ് ദിവസങ്ങളിലും ഇടുക്കി-ചെറുതോണി ഡാമുകളില്‍ സന്ദര്‍ശനം അനുവദിച്ചതോടെ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്കാവശ്യമായ സൗകര്യം ജില്ലാ പഞ്ചായത്തിന്‍െറയും ഡി.ടി.പി.സിയുടെയും സഹകരണത്തോടെ മെച്ചപ്പെടുത്തുമെന്നും എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.