വനസമ്പത്ത് വിഴുങ്ങി കാട്ടുതീ; പിന്നില്‍ ഗൂഢസംഘങ്ങള്‍

തൊടുപുഴ: ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വനസമ്പത്ത് വിഴുങ്ങി വ്യാപകമാകുന്ന കാട്ടുതീക്ക് പിന്നില്‍ ക്രിമിനലുകളടക്കമുള്ള ഗൂഢസംഘങ്ങള്‍. വനം ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതല്ലാതെ കാട്ടുതീ തടയാനോ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടത്തൊനോ സര്‍ക്കാര്‍ ഫലപ്രദമായ നടപടി കൈക്കൊള്ളുന്നില്ല. അതേ സമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ഓരോ വര്‍ഷവും വെട്ടിക്കുറക്കുന്നതും കാട്ടുതീ വ്യാപകമാകാന്‍ കാരണമാകുന്നു. ഹൈറേഞ്ച് മേഖലകളിലുണ്ടാകുന്ന 95 ശതമാനം കാട്ടുതീയും വേനലിന്‍െറ മറവില്‍ സാമൂഹികവിരുദ്ധര്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്നാണ് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അഞ്ചു ശതമാനം തീപിടിത്തത്തിന് പിന്നില്‍ വിനോദസഞ്ചാരികളുടെ അലക്ഷ്യമായ പ്രവര്‍ത്തനങ്ങളാണെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു. ഫയര്‍ ലൈന്‍ നിര്‍മാണത്തിനും ഇവിടങ്ങളില്‍ പട്രോളിങ്ങിനുമായി കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുകയാണ് പതിവ്. എന്നാല്‍, ഇതിനുള്ള ഫണ്ട് ഓരോ വര്‍ഷവും സര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറക്കുന്നതിനാല്‍ ഇത്തരം ജീവനക്കാരുടെ എണ്ണം കുറക്കേണ്ടിവരുന്നു. ഇങ്ങനെ തൊഴില്‍ നഷ്ടപ്പെടുന്നവരും വനവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നവരും പകപോക്കല്‍ നടപടിയെന്ന നിലയില്‍ സംഘം ചേര്‍ന്ന് കാടിന് തീവെക്കാറുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കാട്ടുതീ തടയുന്നതിന് റോഡിനും വനത്തിനുമിടയില്‍ അഞ്ചര മീറ്ററോളം വീതിയില്‍ വെട്ടിത്തെളിച്ചാണ് ഫയര്‍ ലൈന്‍ തീര്‍ക്കുന്നത്. എന്നാല്‍, ഫയര്‍ ലൈനിനപ്പുറവും ചിലര്‍ കാട് ലക്ഷ്യമാക്കി തീയിടാറുണ്ട്. ഫണ്ടിന്‍െറ അപര്യാപ്തത മൂലം ഫയര്‍ലൈന്‍ നിര്‍മാണം കാര്യക്ഷമമായി നടത്താന്‍ കഴിയാത്തതും കാട്ടുതീ വ്യാപിക്കാന്‍ കാരണമാകുന്നു. പീരുമേട്, തിങ്കള്‍ക്കാട്, അടിമാലി, മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, നേര്യമംഗലം, രാജാക്കാട്, വണ്ടിപ്പെരിയാര്‍ മേഖലകളില്‍ എല്ലാവര്‍ഷവും കാട്ടുതീ പതിവാണ്. ചിലപ്പോഴെങ്കിലും പരിസരവാസികളും വഴിയാത്രക്കാരും അലക്ഷ്യമായി ഉപേക്ഷിക്കുന്ന തീപ്പൊരികളും കാട്ടുതീക്ക് കാരണമാകുന്നുണ്ട്. പുല്‍മേടുകളില്‍ തീ പടരുമ്പോള്‍ ഒരിടത്ത് തമ്പടിക്കുന്ന വന്യമൃഗങ്ങളെ സൗകര്യപ്രദമായി വേട്ടയാടുന്നതിനായി നായാട്ടുസംഘങ്ങളും തീ ഇടാറുണ്ട്. അപൂര്‍വ ജൈവസമ്പത്തിനും വന്യമൃഗങ്ങള്‍ക്കും കാട്ടുതീ സൃഷ്ടിക്കുന്ന ഭീഷണി കനത്തതാണ്. കത്തിനശിച്ച പ്രദേശത്തെ മണ്ണിന്‍െറ സ്വാഭാവിക ജൈവാവസ്ഥ വീണ്ടെടുക്കാന്‍ 10 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബാക്ടീരിയകളുടെ നാശത്തിനും മരങ്ങളുടെ വളര്‍ച്ച മുരടിക്കാനും കാട്ടുതീ കാരണമാകുന്നു. കാട്ടുതീമൂലമുള്ള നാശനഷ്ടങ്ങളെക്കുറിച്ച് വനം ഉദ്യോഗസ്ഥര്‍ അന്നന്ന് വനംവകുപ്പ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് നല്‍കാറുണ്ട്. എന്നാല്‍, കെടുതികള്‍ക്ക് റെയ്ഞ്ച് ഓഫിസര്‍ മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി തങ്ങളുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണ് ഉന്നതര്‍ സ്വീകരിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.