തൊടുപുഴ മാലിന്യ‘ക്കുന്ന്’

തൊടുപുഴ: ഡെങ്കിപ്പനി പിടിമുറുക്കുന്നുവെന്ന ആരോഗ്യവകുപ്പിന്‍െറ മുന്നറിയിപ്പിന് ഇടയിലും നഗരത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ മാലിന്യം അടിഞ്ഞുകൂടുന്നു. ഹരിതകേരളം പദ്ധതിക്ക് കീഴില്‍ ശുചീകരണം നടത്തിയെങ്കിലും നഗരസഭക്ക് 200 മീറ്റര്‍ മാത്രം അകലെയുള്ള മാലിന്യക്കൂമ്പാരം നീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. കാഞ്ഞിരമറ്റം ബൈപാസിലെ ബസ് സ്റ്റോപിന് സമീപമാണ് മാലിന്യം കുന്നുകൂടുന്നത്. ദിവസേന നഗരസഭയുടെ വാഹനം മാലിന്യം ശേഖരിക്കാന്‍ എത്തുന്നുണ്ടെങ്കിലും ഇവ ശ്രദ്ധിക്കാറില്ല. കടകളില്‍നിന്നും മറ്റും മാലിന്യം ശേഖരിച്ച് ശുചീകരണ തൊഴിലാളികള്‍ മടങ്ങുകയാണ് പതിവ്. മറ്റ് മാലിന്യം ഇവര്‍ നീക്കാറില്ളെന്ന് വ്യാപാരികളും ചൂണ്ടിക്കാട്ടി. മാലിന്യം തള്ളുന്നതിനോട് ചേര്‍ന്നാണ് ബസ് സ്റ്റോപ്. മൂക്കുപൊത്തിയാണ് യാത്രക്കാര്‍ ഇവിടെ നില്‍ക്കുന്നത്. ഒരാഴ്ച മുമ്പ് ചേര്‍ന്ന നഗരസഭ കൗണ്‍സിലില്‍ ഒരു കൗണ്‍സിലര്‍തന്നെ വിഷയം ഉന്നയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. കൂടാതെ നഗരത്തിലെ മിക്ക ഓടകളും കൈത്തോടുകളും കൊതുക് വളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറി. പ്ളാസ്റ്റിക്, ഭക്ഷണമാലിന്യം ഉള്‍പ്പെടെയാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. നഗരത്തിലെ ഓടകളില്‍നിന്നുള്ള മാലിന്യങ്ങളടക്കം തൊടുപുഴയാറ്റിലേക്കാണ് എത്തുന്നതെന്നതാണ് ഗുരുതര പ്രതിസന്ധി. ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശവും നടപടികളുമായി രംഗത്തുണ്ടെങ്കിലും മാലിന്യനിര്‍മാര്‍ജനത്തിന് നഗരസഭ ശാസ്ത്രീയ സംവിധാനം ഏര്‍പ്പെടുത്താത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. തൊടുപുഴയാറ്റിലെ വെള്ളത്തെ ആശ്രയിച്ചാണ് നഗരവും സമീപത്തെ പഞ്ചായത്തുകളും കഴിയുന്നത്. ഇത്തവണ മഴ കുറഞ്ഞതും വേനല്‍ ശക്തിപ്രാപിച്ചതും വെള്ളത്തിന്‍െറ ഒഴുക്ക് കുറച്ചു. ഈ സാഹചര്യത്തില്‍ കോളിഫോം ബാക്ടീരിയകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ട്. തൊടുപുഴയില്‍ ജലദൗര്‍ലഭ്യം വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തില്‍ പത്തോളം പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥരീകരിച്ചത്. ഓടകളിലും മറ്റും മാലിന്യം നിറഞ്ഞതോടെ കൊതുകുകള്‍ നഗരവാസികളുടെ ഉറക്കവും കെടുത്തുന്നു. മാലിന്യം ശരിയായി സംസ്കരിക്കാതെയും കൊതുകിന്‍െറ ഉറവിടങ്ങള്‍ നശിപ്പിക്കാതെയും വ്യക്തികളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.