തൊടുപുഴ: ക്രിസ്മസ് ആഘോഷങ്ങളിലേക്ക് നാടും നഗരവും കടന്നതോടെ വീഥികളില്‍ നക്ഷത്രങ്ങള്‍ മിഴിതുറന്നു. വൈവിധ്യമാര്‍ന്ന നക്ഷത്രങ്ങളുടെ കലവറയൊരുക്കിയാണ് വ്യാപാരികള്‍ ക്രിസ്മസ് വിപണി സജീവമാക്കുന്നത്. ബഹുവര്‍ണങ്ങളിലും മനോഹര ഡിസൈനുകളിലുമുള്ള പുതുമയുള്ള നക്ഷത്രങ്ങളാണ് ഇത്തവണ വിപണി കീഴടക്കാന്‍ എത്തിയത്. പത്തുമുതല്‍ 4000 രൂപ വരെയുള്ള നക്ഷത്രങ്ങള്‍ വിപണിയിലുണ്ട്. ഇതില്‍ത്തന്നെ ചിറകുകളുടെ എണ്ണവും നിറവും കൂടുന്നതനുസരിച്ച് വിലയിലും വ്യത്യാസം വരും. 200-300 രൂപ വരുന്ന നക്ഷത്രങ്ങളാണ് കൂടുതല്‍ വിറ്റഴിയുന്നത്. പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് പുറമെ പ്ളാസ്റ്റിക് നക്ഷത്രങ്ങളും ഇത്തവണ കൂടുതലായി എത്തി. അഞ്ചുരൂപ മുതലുള്ള ചെറുതാരകങ്ങളും വിപണിയിലുണ്ട്. വരുംദിവസങ്ങളില്‍ നക്ഷത്രങ്ങളുടെ വില്‍പന പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ക്രിസ്മസ് ട്രീ അലങ്കരിക്കാന്‍ പലനിറത്തില്‍ ബാളുകള്‍, ഗിഫ്റ്റ് ബോക്സിന്‍െറ ചെറിയ രൂപങ്ങള്‍ തുടങ്ങി അലങ്കാര വസ്തുക്കളും കടകളിലുണ്ട്. 150 രൂപക്ക് ഒരുവയസ്സുള്ള കുട്ടികള്‍ക്ക് ഇടാന്‍ പാകത്തിലുള്ള ക്രിസ്മസ് പാപ്പയുടെ വേഷം മുതല്‍ 3000 രൂപയുള്ള കുപ്പായം വരെ വിപണിയിലുണ്ട്. ക്രിസ്മസ് ട്രീ, പുല്‍ക്കൂടുകള്‍, അലങ്കാര ബള്‍ബുകള്‍, തോരണങ്ങള്‍, ബലൂണുകള്‍ എന്നിവയെല്ലാം വിപണിയില്‍ നിരന്നു. 175 മുതല്‍ 1,000 രൂപ വരെയുള്ള പുല്‍ക്കൂടുകളും 100 മുതല്‍ 3500 വരെ വിലയുള്ള ക്രിസ്മസ് ട്രീകളും വിപണിയില്‍ ലഭ്യമാണ്. ആകര്‍ഷണീയ ഡിസൈനുകളോടുകൂടിയ ക്രിസ്മസ്-പുതുവത്സര ആശംസ കാര്‍ഡുകളും വിപണിയില്‍ ഇടംപിടിച്ചു. എന്നാല്‍, ആശംസ കാര്‍ഡുകള്‍ വാങ്ങാനത്തെുന്നവര്‍ പൊതുവെ കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഹൈറേഞ്ചില്‍ ഇത് മഞ്ഞുകാലമാണ്. ഒപ്പം പൊടിമഴയും. കാര്‍ഷികവിളകളുടെ വിലതകര്‍ച്ചയും നോട്ട് പ്രതിസന്ധിയും ക്രിസ്മസ് ആഘോഷ വിപണിയുടെ പകിട്ട് അല്‍പം കുറച്ചിട്ടുണ്ടെങ്കിലും വരുംദിവസങ്ങളില്‍ അത് മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വ്യാപാരികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.