മുട്ടം: വൈദ്യുതി മന്ത്രി എം.എം. മണി രണ്ടാം പ്രതിയായ അഞ്ചേരി ബേബി വധക്കേസിലെ വിടുതൽ ഹരജിയിൽ വിധി പറയുന്നത് തൊടുപുഴ അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഈമാസം 24ലേക്ക് മാറ്റി. കഴിഞ്ഞമാസം 26ന് കേസിൽ വാദം പൂർത്തിയായിരുന്നു. എം.എം. മണി വിധി കേൾക്കാൻ വെള്ളിയാഴ്ച കോടതിയിൽ എത്തുമെന്ന് അഭ്യൂഹം പരന്നെങ്കിലും എത്തിയില്ല. ഒന്നും മൂന്നും പ്രതികളായ പാമ്പുപാറ കുട്ടൻ, ഒ.ജി. മദനൻ എന്നിവർ ഹാജരായിരുന്നു. നിരവധി പാർട്ടി പ്രവർത്തകരും കോടതി പരിസരത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി ഉൾപ്പെടെയുള്ളവരെ 1980കളിൽ പട്ടിക തയാറാക്കി സി.പി.എം നേതൃത്വം വകവരുത്തിയെന്ന മണിയുടെ വിവാദ പ്രസംഗത്തെത്തുടർന്നാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് എഴുതിത്തള്ളിയ കേസ് വീണ്ടും കോടതിയിലെത്തിയത്. സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അടക്കം മൂന്നുപേരെക്കൂടി പ്രതിചേർക്കണമെന്ന പ്രോസിക്യൂഷൻ ഹരജിയിൽ വിധി പറയുന്നതും 24ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.