പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന മൂന്നംഗസംഘം പിടിയില്‍

തൊടുപുഴ: വണ്ണപ്പുറത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച ശേഷം പണവുമായി കടന്ന മൂന്നംഗ സംഘം അറസ്റ്റില്‍. വണ്ണപ്പുറം സ്വദേശികളായ മോളത്ത് നിഷാദ് (29), കണിമല ജിബിന്‍ (25), കടവൂര്‍ പനങ്കര വിലങ്ങുപാറയില്‍ ജോബിന്‍ (30) എന്നിവരെയാണ് കാളിയാര്‍ എസ്.ഐ പി.കെ. അസീസ്, എ.എസ്.ഐമാരായ സുബൈര്‍, അബ്ബാസ്, ജബ്ബാര്‍, ഭാസ്കരപിള്ള എന്നിവരുടെ നേതൃത്വത്തില്‍ വണ്ണപ്പുറം ബസ്സ്റ്റാന്‍ഡിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം തുടര്‍ക്കഥയായിരിക്കെ വണ്ണപ്പുറം സംഭവം നടന്ന് ഒരുമാസത്തിനുശേഷമാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞമാസം 24ന് പുലര്‍ച്ചെ 12.45നാണ് സംഭവം. വണ്ണപ്പുറത്ത് കെ.സി. സുരേഷ്കുമാറിന്‍െറ ഉടമസ്ഥതയിലുള്ള സാരഥി ഫ്യുവല്‍സിലെ ജീവനക്കാരനായ ഞാറക്കാട് തെന്നത്തൂര്‍ സ്വദേശി അശോകനാണ് (62) അക്രമിസംഘത്തിന്‍െറ മര്‍ദനമേറ്റത്. ഇടുക്കി ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയാണ് സുരേഷ്കുമാര്‍. അക്രമത്തിന്‍െറ സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്. സംഭവം നടക്കുമ്പോള്‍ പമ്പില്‍ അശോകന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബൈക്കിലത്തെിയ രണ്ടുപേര്‍ പമ്പിന് സമീപം ഇറങ്ങുകയും ഒരാള്‍ പെട്രോള്‍ അടിക്കാന്‍ എത്തുകയുമായിരുന്നു. 50 രൂപക്ക് പെട്രോള്‍ അടിച്ചശേഷം 10 രൂപയുടെ അഞ്ച് നോട്ടുകളാണ് നല്‍കിയത്. ഇതിനുശേഷം ജീവനക്കാരനോട് കയര്‍ത്ത് സംസാരിച്ചു. ഈസമയം മറ്റു രണ്ടുപേര്‍ ഇവിടേക്കത്തെി മൂവരും ചേര്‍ന്ന് അശോകനെ മര്‍ദിച്ചു. നിലത്തുവീണ അശോകന്‍െറ പോക്കറ്റില്‍നിന്ന് വീണ 9,800 രൂപയും കൈക്കലാക്കിയാണ് സംഘം കടന്നത്. പമ്പില്‍നിന്ന് കവര്‍ന്ന പണം പ്രതികളില്‍നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.