നെടുങ്കണ്ടം: ഹൈറേഞ്ചിലെ റോഡുകള്‍ യാത്രക്കാരുടെ നടുവൊടിക്കുന്നു. അറ്റകുറ്റപ്പണി പേരിന് മാത്രമായതിനാല്‍ ടാറിങ് മഴയില്‍ ഒലിച്ചുപോയി റോഡുകള്‍ കുണ്ടും കുഴിയുമായി. ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡിലെ വന്‍ ഗര്‍ത്തങ്ങള്‍ കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പഞ്ചായത്ത് വക ഗ്രാമീണറോഡുകളും തകര്‍ന്ന് വാഹനഗതാഗതം ദുരിതപൂര്‍ണമായി. വിനോദസഞ്ചാരികളടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന തേക്കടി-മൂന്നാര്‍ സംസ്ഥാന പാതയിലെങ്ങും ചെറുതും വലുതുമായ കുഴികളിലെ വെള്ളക്കെട്ട് ദുരിതം വിതക്കുന്നു. കൊടും വളവുകളും കൊക്കകളും ധാരാളമുള്ള ഭാഗങ്ങളിലും ടാറിങ് പൊളിഞ്ഞ് വന്‍ ഗര്‍ത്തങ്ങളാണുള്ളത്. സംസ്ഥാന പാതകളിലും പൊതുമരാമത്ത് റോഡുകളിലും ഗ്രാമീണ റോഡുകളിലും ഓടയില്ലാത്തതും പ്രശ്നമാണ്. കനത്തമഴയില്‍ വെള്ളം റോഡിലൂടെ പരന്നൊഴുകി ഗ്രാമീണ റോഡുകളുടെ സംരക്ഷണഭിത്തി പലയിടത്തും ഇടിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളില്‍ മഴവെള്ളം കുത്തിയൊഴുകി വന്‍ കാനകള്‍ രൂപപ്പെട്ടിട്ടുണ്ട്. നെടുങ്കണ്ടം-ആനക്കല്ല്, കോമ്പയാര്‍-മുണ്ടിയെരുമ, പാമ്പാടുംപാറ- മുണ്ടിയെരുമ, ബാലഗ്രാം-തേര്‍ഡ് ക്യാമ്പ്, മാവടി-മഞ്ഞപ്പെട്ടി, മുണ്ടിയെരുമ-ബാലഗ്രാം പഞ്ചായത്ത് റോഡ്, തൂക്കുപാലം-രാമക്കല്‍മേട്, പുളിയന്മല-ബാലഗ്രാം തുടങ്ങിയ മിക്കറോഡും സഞ്ചാരയോഗ്യമല്ലാതായി. നെടുങ്കണ്ടം-താന്നിമൂട് റോഡ് പൂര്‍ണമായും തകര്‍ന്നു. കല്ലാര്‍പാലം പുതുക്കിപ്പണിയുന്നതിനാല്‍ വാഹനങ്ങള്‍ താന്നിമൂട് വഴി തിരിച്ചുവിടുകയാണ്. വാഹനങ്ങളുടെ എണ്ണം ഈപാതയില്‍ വര്‍ധിച്ചതോടെ റോഡ് വീണ്ടും വെട്ടിപ്പൊളിഞ്ഞ് വന്‍കുഴികള്‍ രൂപപ്പെട്ടു. ഇതിനിടെ അധികൃതരുടെ കുഴി അടയ്ക്കല്‍ പ്രഹസനമായി. താന്നിമൂട്ടില്‍നിന്ന് കോമ്പയാറിനുള്ള റോഡും സഞ്ചാരയോഗ്യമല്ലാതായി. കോമ്പയാര്‍, ആനക്കല്ല്, തേവാരംമെട്ട്, പട്ടത്തിമുക്ക്, പാലയാര്‍, പൊന്നാംകാണി, ശൂലപ്പാറ പ്രദേശങ്ങളിലുള്ളവര്‍ ദുരിതം അനുവഭവിക്കുകയാണ്. വഴിയിലെ വെള്ളക്കെട്ടറിയാതെ അപകടത്തില്‍പ്പെടുന്ന വാഹനങ്ങളും അനവധിയാണ്. അപ്പാപ്പന്‍പടി-ആനകുത്തി-പാറക്കടവ് റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. നെടുങ്കണ്ടത്തുനിന്ന് കട്ടപ്പനയിലത്തൊന്‍ നാലര കിലോമീറ്റര്‍ ലാഭിക്കാനുള്ള എളുപ്പവഴിയാണിത്. പാമ്പാടുംപാറക്ക് സമീപം അപ്പാപ്പന്‍പടിയില്‍നിന്ന് പുളിയന്മലയില്‍ എത്താതെ കട്ടപ്പനക്കടുത്ത് ആനകുത്തി വഴി പാറക്കടവിലത്തൊനാകും. നെടുങ്കണ്ടത്തുനിന്ന് ആനക്കല്ല് വരെയുള്ള അഞ്ചുകിലോമീറ്റര്‍ റോഡിലും ദുരിതം ഏറെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം ആരംഭിച്ച മുണ്ടിയെരുമ-ഉടുമ്പന്‍ചോല റോഡിന്‍െറയും സ്ഥിതി സമാനമാണ്. അഞ്ചു കിലോമീറ്ററാണ് ആദ്യം ഗതാഗത യോഗ്യമാക്കിത്. ബാക്കിഭാഗം സഞ്ചാരയോഗ്യമാക്കിയത് കഴിഞ്ഞവര്‍ഷമാണ്. അപ്പോഴേക്കും ആദ്യത്തെ അഞ്ച് കി.മീറ്ററില്‍ വീണ്ടും കുഴികള്‍ നിറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.