അടിമാലി: ഹൈറേഞ്ചില്‍ ചൂതാട്ട-മദ്യ മാഫിയ സജീവമായി. റിസോര്‍ട്ടുകളും വന്‍കിട ക്ളബുകളും വീടുകളും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. അടിമാലി, വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അടിമാലി, കമ്പിലൈന്‍, കല്ലാര്‍, കുരിശുപാറ, കൂമ്പന്‍പാറ, പണിക്കന്‍കുടി, പാറത്തോട് എന്നിവിടങ്ങളിലും മൂന്നാര്‍ സ്റ്റേഷന്‍ പരിധിയില്‍ മാങ്കുളം, ലക്ഷ്മി, പോതമേട്, മൂന്നാര്‍ എന്നിവിടങ്ങളിലും ശാന്തന്‍പാറ സ്റ്റേഷന്‍ പരിധിയില്‍ ചിന്നക്കനാല്‍, പൂപ്പാറ എന്നിവിടങ്ങളിലും രാജാക്കാട് സ്റ്റേഷന്‍ പരിധിയില്‍ രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, ദേവികുളം, മറയൂര്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളിലുമാണ് ചൂതാട്ട-മദ്യ മാഫിയ സജീവം. സ്വദേശികളായ ഉന്നതരും അയല്‍ജില്ലക്കാരും തമിഴ്നാട്ടില്‍നിന്നുള്ളവരുമാണ് ചൂതാട്ട കേന്ദ്രങ്ങളില്‍ എത്തുന്നത്. ഇത് സംബന്ധിച്ചു വിവരം നല്‍കിയാലും പൊലീസ് നടപടി ഉണ്ടാകുന്നില്ല. ചിലയിടങ്ങളില്‍ ശീട്ടുകളി നടക്കുന്ന വിവരം പൊലീസില്‍ അറിയിച്ചാല്‍ വളരെ വൈകി പ്രഹസന റെയ്ഡ് നടത്തി നടത്തിപ്പുകാര്‍ക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കുകയാണ്. ചില ചൂതാട്ട കേന്ദ്രങ്ങള്‍ക്ക് പിന്നില്‍ പൊലീസുകാരും വിരമിച്ച പൊലീസുകാരുമാണ്. വന്‍കിട ക്ളബുകളില്‍ അംഗത്വമുള്ള പൊലീസുകാരും ഉണ്ട്. ഇത്തരക്കാരെ മറയാക്കിയാണ് ക്ളബുകള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് മൂന്നാര്‍ ഡിവൈ.എസ്.പി നേതൃത്വത്തില്‍ അടിമാലിയിലെ മുന്തിയ ക്ളബില്‍ നടത്തിയ റെയ്ഡില്‍ വന്‍കിട ചൂതാട്ട സംഘത്തെ പിടികൂടിയിരുന്നു. ഇതിനുശേഷം അടിമാലിയില്‍ ചൂതാട്ട മാഫിയ നിര്‍ജീവമായിരുന്നു. സര്‍ക്കാര്‍ ബാറുകള്‍ അടച്ചതോടെ വന്‍കിട ക്ളബുകള്‍ ചൂതാട്ടത്തിനൊപ്പം മദ്യവും ഒഴുക്കുകയാണ്. ചൂതാട്ട ക്ളബുകളില്‍ പണം നഷ്ടമാകുന്നവര്‍ക്ക് തുടര്‍ന്നുള്ള ചൂതാട്ടത്തിനും മദ്യസേവക്കും വട്ടിപ്പലിശക്ക് പണം നല്‍കുന്നവരുമുണ്ട്. ഒരു ദിവസത്തേക്ക് 10,000 രൂപക്ക് 750 രൂപയാണ് പലിശ. റെയ്ഡ് നടന്നാലും പണം പോകാതിരിക്കാന്‍ ചൂതാട്ടത്തിന് ടോക്കണ്‍ സിസ്റ്റമാണ്. 25,000 രൂപക്ക് മുകളിലുള്ള തുകക്ക് എ കാര്‍ഡും 20,000 രൂപവരെ ബി കാര്‍ഡും 10000ന് മുകളില്‍ സി കാര്‍ഡുമാണ്. പണം സൂക്ഷിക്കാന്‍ ക്ളബ് ഓഫിസില്‍ ലോക്കര്‍ സംവിധാനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.