പൊലീസ് പണം വാങ്ങിയെന്ന് ആക്ഷേപം; സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

തൊടുപുഴ: പെണ്‍കുട്ടികളെ ശല്യം ചെയ്ത മൂന്നു യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ സ്പെഷല്‍ ബ്രാഞ്ചും ഇന്‍റലിജന്‍സും അന്വേഷണം ആരംഭിച്ചു. അന്വേഷണം തുടങ്ങിയതോടെ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള നീക്കവുമായി ചില രാഷ്ട്രീയ നേതാക്കളും രംഗത്തിറങ്ങി. ഒത്തുതീര്‍പ്പിലൂടെ പ്രശ്ന പരിഹാരത്തിനാണ് ശ്രമം നടക്കുന്നത്. ഫുട്പാത്തിലെ പച്ചക്കറി കച്ചവടക്കാരായ ചിലര്‍ പ്രദേശത്തെ സ്വകാര്യ സ്ഥാപനത്തില്‍ ക്ളാസ് വിട്ടിറങ്ങിയ പെണ്‍കുട്ടികളോട് മോശമായി സംസാരിച്ച സംഭവത്തില്‍ ഇത് ചോദ്യം ചെയ്ത സഹപാഠികളായ വിദ്യാര്‍ഥികള്‍ക്കു നേരെയാണ് ആക്രമണം നടത്തിയത്. വിദ്യാര്‍ഥികളായ വിഷ്ണു, മനോ, ടിനു എന്നിവരെ കടക്കുള്ളിലിട്ട് മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ഫൈസല്‍, ഷിജോ, അബ്ദുല്‍ കലാം, റിയാസ് കരീം എന്നിവരെ പൊലീസ് പിടികൂടിയെങ്കിലും ഇവരെ നിസ്സാര വകുപ്പ് ചുമത്തി വിട്ടയക്കുകയായിരുന്നു. നിസ്സാര വകുപ്പ് ഇട്ട സംഭവത്തില്‍ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.