ചെറുതോണി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരടുവിജ്ഞാപനത്തില്‍നിന്ന് ജനവിരുദ്ധ പരാമര്‍ശങ്ങളില്‍ ഭേദഗതികള്‍ നിര്‍ദേശിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗം ഏറെ പ്രതീക്ഷ നല്‍കുന്നതായി അഡ്വ. ജോയ്സ് ജോര്‍ജ് എം.പി. അങ്ങേയറ്റം തുറന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. സെപ്റ്റംബര്‍ നാലിലെ കരടുവിജ്ഞാപനം മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്നും കരടു വിജ്ഞാപനത്തില്‍നിന്ന് പരിസ്ഥിതിലോല പട്ടികയില്‍ ഉള്‍പ്പെടുത്തിയ തോട്ടങ്ങളെയും ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ജനജീവിതത്തെ ഒരു രീതിയിലും ബാധിക്കാത്ത രീതിയില്‍ അന്തിമവിജ്ഞാപനം പുറത്തിറക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നുമാണ് കേന്ദ്രമന്ത്രി യോഗത്തെ അറിയിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ ദോഷവശങ്ങള്‍ പ്രതിപാദിക്കുന്ന താന്‍ തന്നെ തയാറാക്കിയ 121 പേജുള്ള റിപ്പോര്‍ട്ട് യോഗത്തില്‍ വെക്കുകയും അതിന്‍മേല്‍ വിശദചര്‍ച്ച നടത്തുകയും ചെയ്തു. പശ്ചിമഘട്ട പ്രദേശം ഉള്‍പ്പെടുന്ന ആറ് സംസ്ഥാനങ്ങളിലെ മുഴുവന്‍ എം.പിമാരും തനിക്ക് പിന്തുണ നല്‍കുകയും വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ തനിക്ക് അവസരം നല്‍കുകയും ചെയ്തതായി എം.പി വ്യക്തമാക്കി. വനം പരിസ്ഥിതി മന്ത്രാലയം പൂര്‍ണമായും ജനപക്ഷത്താണ് നില്‍ക്കുന്നതെന്നും ഒരുവിധത്തിലുള്ള ബുദ്ധിമുട്ടും കര്‍ഷകര്‍ക്കുണ്ടാകാതെ ജനങ്ങളുടെ പിന്തുണയോടെ തന്നെ പശ്ചിമഘട്ട സംരക്ഷണം ഉറപ്പുവരുത്തുമെന്നാണ് ഉദ്യോഗസ്ഥതല ചര്‍ച്ചയിലും പ്രതിഫലിച്ചതെന്ന് എം.പി പറഞ്ഞു. എന്നാല്‍, ഏതെങ്കിലും നിലയില്‍ കേന്ദ്രസര്‍ക്കാര്‍ ഈ നിലപാടില്‍നിന്ന് പിന്നോട്ടു പോയാല്‍ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.